പടയൊരുക്കം; 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
Mail This Article
തിരുവനന്തപുരം ∙ പ്രാദേശിക പ്രതിഷേധങ്ങൾ തള്ളി സിപിഎം 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 5 മന്ത്രിമാരും സ്പീക്കറും അടക്കം നിലവിൽ നിയമസഭയിൽ ഉള്ള 33 പേരെ ഒഴിവാക്കി. 38 പുതുമുഖങ്ങൾ ഇടം പിടിച്ചു. 2016 ൽ 92 സീറ്റിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റിലാണ് ജനവിധി തേടുന്നത്. ഇതിൽ മഞ്ചേശ്വരം, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീടു പ്രഖ്യാപിക്കും.
∙ മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, എ.കെ. ബാലൻ, ജി.സുധാകരൻ, സി.രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരെ ടേം നിബന്ധന പ്രകാരം ഒഴിവാക്കി
∙ കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നീ ഉന്നത നേതൃനിരയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, മന്ത്രി എം.എം. മണി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നീ 8 പേർ പട്ടികയിൽ
∙ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീൽ എന്നിവരും മത്സരിക്കും.
∙ ആകെ 12 വനിതകൾ. കഴിഞ്ഞ തവണയും 12 പേർ തന്നെ
∙ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 74 പേർ; 9 സ്വതന്ത്രർ.
∙ വൻ പ്രതിഷേധം ഉയർന്ന പൊന്നാനിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാർ തന്നെ. നിലമ്പൂരിൽ പി.വി. അൻവർ തുടരും. ചവറയിൽ ഡോ. സുജിത് വിജയൻ സ്വതന്ത്രരുടെ പട്ടികയിൽ.
സിപിഎമ്മിനെ ഞെട്ടിച്ച് കുറ്റ്യാടി; ഒഴിച്ചിട്ട് കേരള കോൺഗ്രസ്
തിരുവനന്തപുരം ∙ പ്രാദേശികപ്രതിഷേധം അവഗണിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം സിപിഎമ്മിനെ ഞെട്ടിച്ച് കുറ്റ്യാടി പ്രതിഷേധം. കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനു വിട്ടുനൽകാനുള്ള തീരുമാനത്തിൽ സിപിഎം പ്രാദേശിക നേതൃത്വം എതിർപ്പ് അറിയിച്ചിരുന്നു. ഇത് സംസ്ഥാനനേതൃത്വം അവഗണിച്ചു. എന്നാൽ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ വൈകിട്ട് കുറ്റ്യാടിയിൽ അണികൾ നടത്തിയ വൻ പ്രതിഷേധപ്രകടനം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെ, വൈകിട്ട് കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കുറ്റ്യാടിഒഴിച്ചിട്ടു.
കേരള കോൺഗ്രസിനു മറ്റൊരു സീറ്റ് നൽകി കുറ്റ്യാടി സിപിഎം തിരിച്ചെടുത്തേക്കും. പ്രതിഷേധത്തിന്റെ സ്വഭാവത്തെക്കുറിച്ച് ജില്ലാ നേതൃത്വത്തിൽ നിന്നു സിപിഎം സംസ്ഥാന നേതൃത്വം തിരക്കിട്ട് റിപ്പോർട്ട് തേടി.
‘നേതാക്കളെ പാർട്ടി തിരുത്തും; പാർട്ടിയെ ജനം തിരുത്തും’ ‘ചെങ്കൊടിയുടെ മാനം കാക്കാൻ’ എന്ന ബാനറുകളുമായി രണ്ടായിരത്തോളം സിപിഎം പ്രവർത്തകരാണ് കുറ്റ്യാടിയിൽ പ്രതിഷേധപ്രകടനം നടത്തിയത്. പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ, ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ.ലതിക എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യം ഉയർന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രകടനത്തിനു നേതൃത്വം നൽകി.
പൊന്നാനിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദീഖിന് സീറ്റില്ലാത്തതിൽ പ്രതിഷേധിച്ചു പ്രവർത്തകർ പാർട്ടി കൊടികളും തോരണങ്ങളും കത്തിച്ചു. വെളിയങ്കോട് പത്തുമുറി ബ്രാഞ്ച് ഓഫിസിനു മുൻപിലായിരുന്നു സംഭവം.
എൽഡിഎഫ്: 132 സ്ഥാനാർഥികളായി
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് 132 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇന്നലെ സിപിഎം (83), കേരള കോൺഗ്രസ് എം (12), എൽജെഡി (3), ഐഎൻഎൽ (2), ആർഎസ്പി-എൽ (1), കേരള കോൺഗ്രസ്–ബി (1) സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐ (21), ജെഡിഎസ് (4), എൻസിപി (3), കോൺഗ്രസ് എസ് (1), ജനാധിപത്യ കേരള കോൺഗ്രസ് (1) സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 സീറ്റിലും സിപിഎം 2 സീറ്റിലും ഐഎൻഎൽ, കേരള കോൺഗ്രസ് (എം) എന്നിവ ഒരു സീറ്റിൽ വീതവും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
പാലായിൽ ജോസ് കെ. മാണി; 8 പേർ പുതുമുഖങ്ങൾ
കോട്ടയം ∙ കേരള കോൺഗ്രസ് (എം) 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെയർമാൻ ജോസ് കെ. മാണി പാലായിൽ മത്സരിക്കും. സിറ്റിങ് എംഎൽഎമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. സ്ഥാനാർഥികളിൽ 8 പേർ പുതുമുഖങ്ങളാണ്. ഏക വനിത ഡോ. സിന്ധുമോൾ ജേക്കബ് (പിറവം) നിലവിൽ സിപിഎം പാർട്ടി അംഗമാണ്.
7 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
ചേർത്തല ∙ ബിഡിജെഎസ് 7 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻഡിഎയിലെ ആദ്യ സ്ഥാനാർഥിപ്പട്ടികയാണിത്. ബിഡിജെഎസിന്റെ മറ്റ് 18 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും.