സിപിഎം പട്ടിക; പ്രായത്തിൽ രണ്ടാമൻ പിണറായി; 50 – 60 പ്രായക്കാർക്ക് പ്രാമുഖ്യം
Mail This Article
തിരുവനന്തപുരം ∙ 83 അംഗ സിപിഎം പട്ടിക പുറത്തിറക്കിയപ്പോൾ മൂപ്പൻ മന്ത്രി എം.എം. മണി: 76 വയസ്സ്, ബേബി 27 വയസ്സുകാരനായ എസ്എഫ്ഐ സെക്രട്ടറി സച്ചിൻദേവ്. മുതിർന്നവരിൽ രണ്ടാമൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ– 75
പട്ടികയിൽ കൂടുതലുള്ളത് 51– 60 പ്രായവിഭാഗത്തിലുള്ളവരാണ്– 33 പേർ. 30 വയസ്സിൽ താഴെ പ്രായമുള്ള 4 പേരും പട്ടികയിൽ ഇടം പിടിച്ചു. ജെയ്ക്ക് സി.തോമസ്, ലിന്റോ ജോസഫ്, പി.മിഥുന എന്നിവരാണ് സച്ചിനെ കൂടാതെ സിപിഎം പട്ടികയിലെ മറ്റു ‘േബബിമാർ’
30–40 പ്രായമുള്ള 8 പേർ: എം. വിജിൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. സുമോദ്, ഷെൽന നിഷാദ്, ആന്റണി ജോൺ, എം.എസ്. അരുൺകുമാർ, കെ.യു. ജനീഷ്കുമാർ വി.കെ. പ്രശാന്ത് എന്നിവരാണ് യുവ സംഘം. 41– 50 പ്രായക്കാർ 13 പേരുണ്ട്. 60 വയസ്സിനു മുകളിലുള്ളവർ 24 പേരും.
83 സ്ഥാനാർഥികളിൽ 42 പേർ ബിരുദധാരികളാണ്. അതിൽ 28 പേർ അഭിഭാഷകർ. പിഎച്ച്ഡിയുള്ള 2 പേരുണ്ട്. ഡോ: കെ.ടി. ജലീലും പ്രഫ. ആർ ബിന്ദുവും. മെഡിക്കൽ ഡോക്ടർമാരും 2 പേർ: ഡോ.ജെ. ജേക്കബും ഡോ. സുജിത് വിജയനും. ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദ് അലിയാണ് സിപിഎം പട്ടികയിലെ ആർക്കിടെക്ട്.
സംസ്ഥാന ഡിവൈഎഫ്ഐ ഔട്ട്
സിപിഎം പട്ടികയ്ക്കു ചെറുപ്പം ഉണ്ടെങ്കിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാതെ പോയത് യുവജന സംഘടനയ്ക്കു നിരാശയായി.
പ്രസിഡന്റ് എസ്. സതീഷിനെ കോഴിക്കോട് ജില്ലയിലും സെക്രട്ടറി എ.എ. റഹീമിനെ തിരുവനന്തപുരം ജില്ലയിലും പരിഗണിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.
ഇതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ബാലുശേരിയിൽ സ്ഥാനാർഥിയായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കും.
എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി.പി. സാനുവിനെ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയായും പ്രഖ്യാപിച്ചു.
വിദ്യാർഥി–യുവജന വിദ്യാർഥി സംഘടനകളിലെ 13 പേർ പട്ടികയിൽ ഉണ്ടെന്ന് എ. വിജയരാഘവൻ അറിയിച്ചു.