വോട്ട് ചെയ്ത തപാൽ ബാലറ്റ് ശേഖരിക്കാൻ സീൽ ചെയ്ത പെട്ടി വേണം: രമേശ്
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത തപാൽ ബാലറ്റുകൾ സീൽ ചെയ്ത പെട്ടികളിൽ ശേഖരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. തപാൽ ബാലറ്റിലെ തിരിമറി തടയാൻ വേണ്ടിയാണിത്.
തപാൽ വോട്ട് എൽഡിഎഫ് വ്യാപകമായി ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്കു നിയോഗിച്ച എൽഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥർ തപാൽ ബാലറ്റുകൾ തുറന്നുനോക്കി ഭരണപക്ഷത്തിന് എതിരാണെന്നു കണ്ടാൽ നശിപ്പിച്ചിട്ടുണ്ട്. വ്യാപക പരാതിയാണ് ഇതു സംബന്ധിച്ചുണ്ടായത്. അതിനാൽ വീടുകളിലെത്തി തപാൽ വോട്ട് ശേഖരിക്കുന്നതിനു സീൽ ചെയ്ത ബാലറ്റ് പെട്ടികൾ തന്നെ ഉപയോഗിക്കണം.
തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷം ഈ മാസം 4, 6 തീയതികളിൽ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാട്ടിയും ചെന്നിത്തല പരാതി നൽകി.