ADVERTISEMENT

ധർമടത്തു മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുമ്പോൾ വാളയാറിലെ സഹോദരിമാരുടെ അമ്മയോട് 5 ചോദ്യങ്ങൾ

എന്തു കൊണ്ടു മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? എന്തു സന്ദേശം നൽകാനാണു മത്സരം?

മുഖ്യമന്ത്രിയുടെ കാലു പിടിച്ചു കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കൾക്കു നീതി ലഭിച്ചിട്ടില്ല. അതു നേരിൽക്കണ്ടു ചോദിക്കാനുള്ള അവസരമായി ഞാൻ ഇതിനെ കാണുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി തന്ന വാക്കിന് എത്രമാത്രം സത്യസന്ധതയുണ്ട്? വാളയാർ നീതി യാത്രയുടെ ഭാഗമായി ധർമടം മണ്ഡലത്തിൽ എത്തിയപ്പോൾ, വോട്ട് ചോദിക്കാൻ വരുന്നവരോടു വാളയാറിലെ കുട്ടികൾക്കു നീതി കിട്ടിയോ എന്നു ചോദിക്കണമെന്ന് അമ്മമാരോടു പറഞ്ഞിരുന്നു. അതിനുശേഷം ഒരുപാടുപേർ വിളിച്ചു. നേരിൽ ചോദിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കണ്ടുകൂടെ എന്നു ചോദിച്ചു.

കേസ് നിങ്ങൾ ആവശ്യപ്പെട്ടതു പോലെ സിബിഐയ്ക്കു വിട്ടു. പിന്നെ എന്താണു സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം?

എനിക്കു നഷ്ടമായതു 2 മക്കളെയാണ്. സർക്കാർ സിബിഐയ്ക്കു മൂത്തമകളുടെ കേസ് മാത്രമാണു വിട്ടത്. രണ്ടാമത്തെ കുട്ടിയുടെ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എനിക്കു വീണ്ടും കോടതിയിൽ പോകേണ്ടി വന്നു. മക്കളെക്കുറിച്ച് അപമര്യാദയായി സംസാരിച്ച ഉദ്യോഗസ്ഥനു പ്രമോഷൻ കൊടുത്തു. അച്ഛനെക്കൊണ്ടു കുറ്റം ഏറ്റെടുപ്പിക്കാൻ ശ്രമിച്ചവർ പോലും സർവീസിൽ ഇരിക്കുന്നു.

നിങ്ങളുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാമെന്നു സർക്കാർ ഉറപ്പു നൽകിയാൽ മത്സരത്തിൽനിന്നു പിന്മാറുമോ?

സർക്കാർ ഇതുവരെ തന്ന വാക്കുകളൊന്നും പാലിച്ചില്ല. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് എഫ്ഐആറിന്റെ കോപ്പി തരട്ടെ, അപ്പോൾ ആലോചിക്കാം.

യുഡിഎഫും ബിജെപിയും പിന്തുണയ്ക്കുന്ന സാഹചര്യമുണ്ടായാൽ എന്തു ചെയ്യും?

സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല. യുഡിഎഫ് അടക്കമുള്ള ആരുടെയും പിന്തുണ സ്വീകരിക്കും. എന്നാൽ സ്വതന്ത്ര സ്ഥാനാർഥി തന്നെയായിരിക്കും.

നിങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ച സംഭവം വലിയ ചർച്ചയായല്ലോ. പുന്നല ശ്രീകുമാർ ഇടപെട്ട് അന്നു നടത്തിയ ചർച്ചയിലെ ധാരണ എന്തായിരുന്നു?

മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടുംബം ആവശ്യപ്പെടുന്ന ഏജൻസിയെ വച്ചു കേസ് അന്വേഷിക്കാൻ തയാറാണെന്നും മുഖ്യമന്ത്രി വാക്കു കൊടുത്തിട്ടുണ്ട് എന്നു ശ്രീകുമാർ പറഞ്ഞു. ആ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നതെന്നും വ്യക്തമാക്കി. എനിക്ക് വായിക്കാൻ അറിയാത്തതിനാൽ അതു വിശ്വസിച്ചു. എന്നാൽ ഡിവൈഎസ്പിക്കു പ്രമോഷൻ നൽകിയപ്പോഴാണ് അതല്ല സത്യമെന്നു മനസ്സിലായത്. കുറ്റബോധം കൊണ്ടായിരിക്കും പിന്നീടു പുന്നല ശ്രീകുമാർ വിളിച്ചിട്ടേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com