ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കിഫ്ബി വഴി 60000 കോടിയിലേറെ രൂപയുടെ പദ്ധതികളുണ്ടെന്നു സർക്കാർ പ്രചാരണം നടത്തുമ്പോൾ ഇതുവരെ ചെലവഴിച്ചത് 7274 കോടി രൂപയെന്നു രേഖകൾ.

ചെലവഴിച്ചതാകട്ടെ കൈവശമുള്ള തുകയുടെ പകുതി മാത്രം. 2016ൽ കിഫ്ബി പുനഃസംഘടിപ്പിച്ച ശേഷം 15,902 കോടി രൂപ കിഫ്ബിയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. കിഫ്ബിയുടെ അംഗീകാരം ലഭിച്ച പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടിവരുന്ന തുക സർക്കാർ പല തവണ പുറത്തുവിട്ടെങ്കിലും ചെലവഴിച്ച തുക പൂർണമായി വെളിപ്പെടുത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണു ജനുവരി 31വരെയുള്ള കണക്കുകളും അനുബന്ധ രേഖകളും പുറത്തുവിട്ടത്.

കിഫ്ബി പദ്ധതികളിൽ ഏറ്റവും കുറഞ്ഞ വിഹിതം ലഭിച്ചതു തൊഴിൽ വകുപ്പിന്–1.06 കോടി രൂപ. കൂടുതൽ തുക ചെലവഴിച്ചതു പൊതുമരാമത്തു വകുപ്പിൽ– 2427 കോടി രൂപ. പൊതു വിദ്യാഭ്യാസ വകുപ്പിൽ 1097 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 27.44 കോടി രൂപയും ചെലവഴിച്ചു. 

ഗതാഗത വകുപ്പിന് 2.02 കോടി രൂപയും ടൂറിസം വകുപ്പിനു 3.12 കോടി രൂപയും ഫിഷറീസ് വകുപ്പിനു 4.48 കോടി രൂപയുമേ ഇതിനകം ലഭിച്ചിട്ടുള്ളൂ.

മസാല ബോണ്ട് വഴി ലഭിച്ച 2150 കോടി രൂപ ഉൾപ്പെടെ എല്ലാ തുകയും ബാങ്കുകളിൽ നിക്ഷേപിച്ചതിലൂടെ 620.85 കോടി രൂപ പലിശ ഇനത്തിൽ ലഭിച്ചു. ട്രഷറിയിൽ 7.5% പലിശ ഉണ്ടെങ്കിലും സ്വകാര്യ–പൊതുമേഖലകളിലെ 12 ബാങ്കുകളിലായി 2.7% മുതൽ 7.5%വരെ പലിശയ്ക്കാണു പണം നിക്ഷേപിച്ചത്.

ഫെബ്രുവരി 16നു നടത്തിയ പത്രസമ്മേളനത്തിൽ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ തുക 63,250.66 കോടി രൂപയാണെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഇതിൽ 43,250.66 കോടിയുടേത് 889 അടിസ്ഥാന സൗകര്യ, പശ്ചാത്തല വികസന പദ്ധതികളും 20,000 കോടിയുടേത് 6 ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമാണെന്നാണു മന്ത്രി വിശദീകരിച്ചത്.

ആരോഗ്യ വകുപ്പിൽ ചെലവിട്ടത് 296 കോടി

ആരോഗ്യ വകുപ്പിൽ കിഫ്ബി ഫണ്ട് ചെലവഴിച്ചത് 4250 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെന്നു സർക്കാർ പരസ്യം; യഥാർഥത്തിൽ ലഭിച്ചതു 296.52 കോടി രൂപ. ദേശീയ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിലാണു യഥാർഥത്തിൽ ചെലവഴിച്ചതിന്റെ 15 ഇരട്ടിയോളം തുകയുടെ കണക്കു വിശദീകരിക്കുന്നത്. ഈ പരസ്യത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) പ്രകാരം 41.50 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം വിതരണം ചെയ്തു കഴിഞ്ഞെന്നും പറയുന്നു. കാസ്പിൽ ചികിത്സയ്ക്കു ചെലവാകുന്ന തുക മാത്രമേ ആശുപത്രികൾക്കു സർക്കാർ നൽകുകയുള്ളൂ. കാസ്പിൽ അംഗങ്ങളായവരുടെ കണക്കുമായി തട്ടിച്ചു നോക്കുമ്പോൾ ഇതുവരെ 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിച്ചവർ നാമമാത്രമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: KIIFB projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com