ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയെ ഞെട്ടിച്ച് തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. സിപിഎം സമ്മർദം കാരണമാണ് പത്രികകൾ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പ്രതികരിച്ചു. സിപിഎമ്മിന്റെ ഈ 3 സിറ്റിങ് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ഇല്ലാതാകുന്ന സാഹചര്യം രൂപപ്പെട്ടതിനു പിന്നിലെ കാരണങ്ങളെപ്പറ്റിയും ‘അന്തർധാര’ സംബന്ധിച്ചും യുഡിഎഫും എൽഡിഎഫും വാക്പോര് തുടങ്ങി.

ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയാണ് നിരസിക്കപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയിൽ ഇല്ല എന്നതാണു കാരണം. ഡമ്മി സ്ഥാനാർഥിയും ഇല്ലാത്തതിനാൽ എൻഡിഎയ്ക്ക് ഇനി ഗുരുവായൂരിൽ സ്ഥാനാർഥി ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ  നിവേദിത 25,490 വോട്ട് നേടിയിരുന്നു. എൻ.കെ. അക്ബർ (എൽഡിഎഫ്), കെ.എൻ.എ ഖാദർ (യുഡിഎഫ്) എന്നിവരാണ് ഇവിടെ മുന്നണി സ്ഥാനാർഥികൾ.

2016ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22,125) ലഭിച്ച ലഭിച്ച തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നൽകുന്ന ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതാണു കാരണം. ഇവിടെയും ഡമ്മി സ്ഥാനാർഥി ഇല്ല. സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറും (എൽഡിഎഫ്) കെ.പി. അരവിന്ദാക്ഷനും (യുഡിഎഫ്) ആണ് ഇവിടെ മത്സരിക്കുന്നത്.

ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാർഥി ആർ.എം. ധനലക്ഷ്മിയുടെ പത്രികയാണ് ദേവികുളത്ത് തള്ളിയത്. പൂർണമായി പൂരിപ്പിച്ചില്ല, ഫോം 26ൽ ഒപ്പിട്ടില്ല എന്നിവയാണു കാരണം. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. സ്വതന്ത്രനായി പത്രിക നൽകിയിരുന്ന എസ്. ഗണേശനെ അണ്ണാ ഡിഎംകെ സ്ഥാനാർഥിയാക്കി.

സ്ഥാനാർഥികൾ 1061

നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികക‍ളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർഥികൾ. 2180 അപേക്ഷക‍ളുടെ സൂക്ഷ്മ പരിശോധനയാണ്  നടന്നത്. നാളെ വരെ പത്രിക പിൻവലിക്കാം.

Content Highlights: NDA nomination rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com