ADVERTISEMENT

ഇരിക്കൂർ: ഒറ്റ ഗ്രൂപ്പ്!

ഇരിക്കൂറിൽ സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തോട് ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പ് ഉയർത്തിയ പരസ്യ പ്രതിഷേധമെല്ലാം അവസാനിച്ചു. വിജയസാധ്യതകൊണ്ടു കോൺഗ്രസിന്റെ എ ക്ലാസ് മണ്ഡലമായി പരിഗണിക്കപ്പെടുന്ന ഇരിക്കൂറിൽ ഗ്രൂപ്പ് നേതാക്കളെല്ലാം പ്രചാരണ രംഗത്തു സജീവം. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണു തർക്കങ്ങൾ പരിഹരിച്ചത്. പ്രചാരണം വൈകിത്തുടങ്ങിയാലും സാരമില്ല, ഒരുമിച്ചേ ഇറങ്ങുന്നുള്ളൂവെന്നു തീരുമാനിച്ച സ്ഥാനാർഥി സജീവ് ജോസഫിന്റെ അനുനയവും ഫലം കണ്ടു.  3 ദിവസമായി കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പ്രചാരണത്തിനുണ്ട്. സോണിയെ സ്ഥാനാർഥിയാക്കാത്തതിലായിരുന്നു എ ഗ്രൂപ്പിന്റെ പ്രതിഷേധം. പാർട്ടി പദവികൾ രാജിവച്ച നേതാക്കളെല്ലാം രാജി പിൻവലിച്ചു.

കുറ്റ്യാടി: സ്വന്തം കുട്ടി!

സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകാനുള്ള തീരുമാനത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങിയ സിപിഎം പ്രവർത്തകർ അതിലും ആവേശത്തോടെ പാർട്ടി സ്ഥാനാർഥിയുടെ പ്രചാരണത്തിനിറങ്ങുന്നു. പ്രതിഷേധക്കാർ ആവശ്യപ്പെട്ട കെ.പി. കുഞ്ഞമ്മദ്കുട്ടിയെത്തന്നെയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. പ്രതിഷേധത്തിനു നേതൃത്വം നൽകിയ പാർട്ടി അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് സിപിഎം തീരുമാനം. പ്രകടനം നയിച്ച 3 ലോക്കൽ കമ്മിറ്റി അംഗങ്ങളും പ്രചാരണരംഗത്തു സജീവമാണ്.

എലത്തൂർ: അതിവേഗപ്പാച്ചിൽ!

എലത്തൂർ മണ്ഡലം മാണി സി.കാപ്പന്റെ എൻസികെയ്ക്കു നൽകിയതിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്നു മണ്ഡലത്തിലിറങ്ങാൻ കഴിയാതിരുന്ന സ്ഥാനാർഥി സുൽഫിക്കർ മയൂരി മണ്ഡലത്തിൽ സജീവമായി. സീറ്റ് വിട്ടുനൽകിയതിനെതിരെ രംഗത്തെത്തിയ എം.കെ.രാഘവൻ എംപിയാണ് കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർഥിയുടെ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. 

പൊന്നാനി: ഒറ്റച്ചിത്രം!

സിപിഎം സംസ്ഥാന സമിതി അംഗം പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ഒരുവിഭാഗം സിപിഎം അനുഭാവികൾ പ്രതിഷേധമുയർത്തിയ മണ്ഡലത്തിൽ ഇപ്പോൾ പാർട്ടി ഒറ്റക്കെട്ട്. സ്ഥാനാർഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ട ടി.എം. സിദ്ദീഖും പ്രചാരണത്തിൽ സജീവം.  മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്തത്. പി.നന്ദകുമാർ, പിണറായി വിജയൻ, ടി.എം. സിദ്ദീഖ് എന്നിവരുടെ ചിത്രമുള്ള പോസ്റ്ററുകളും ബോർഡുകളും മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. 

Content Highlights: Kerala assembly election: Trouble segments in constituencies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com