ADVERTISEMENT

സമരങ്ങളിൽ സ്ഫുടം ചെയ്തെടുത്തൊരു യുവനേതാവ് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് ഒന്നിലേക്ക് പട നയിച്ചെത്തിയത് 15 വർഷം മുൻപാണ്; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.പ്രദീപ്കുമാർ. മന്ത്രി എ. സുജനപാലിനെ അട്ടിമറിച്ച് അന്നു വിജയക്കൊടി നാട്ടി. ഇരുമുന്നണികളെയും മാറിമാറി തുണച്ചിരുന്ന മണ്ഡലത്തിൽ അന്നു മുതൽ തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിലും പാറിയത് ചെങ്കൊടി മാത്രം.

അതിർത്തി പുനർനിർണയത്തിൽ മുഖം മിനുക്കി കോഴിക്കോട് നോർത്തെന്നു പേരു മാറിയ അതേ മണ്ഡലത്തിലേക്കാണ് വിദ്യാർഥിസമരങ്ങളുടെ കരുത്തുമായി ഇത്തവണ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തെത്തുന്നത്. അന്നു പ്രദീപ്കുമാറിനുണ്ടായിരുന്ന വിശേഷണം തന്നെയാണ് അഭിജിത്തിനും അണികൾ നൽകുന്നത്– സമരനായകൻ! ഇരുവരും കാലിക്കറ്റ് സർവകലാശാല യൂണിയന്റെ മുൻ ചെയർമാൻമാർ.

അഭിജിത്ത് പട നയിച്ചെത്തുമ്പോൾ എതിരിടാൻ പക്ഷേ പ്രദീപ്കുമാറില്ല. ടേം നിബന്ധനയിൽ തട്ടി പ്രദീപ്കുമാർ പടിയിറങ്ങിയപ്പോൾ പകരം സിപിഎം നിയോഗിച്ചിട്ടുള്ളത് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ. ഏറ്റവും കൂടുതൽ കാലം കോഴിക്കോടിന്റെ നഗരപിതാവായിരുന്ന തോട്ടത്തിൽ രവീന്ദ്രനും കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കെ.എം.അഭിജിത്തും കളത്തിലിറങ്ങുമ്പോൾ യുവത്വവും പരിചയസമ്പത്തും പരസ്പരം മാറ്റു നോക്കും. ജില്ലയിൽ ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ് കൂടിയാകുമ്പോൾ കോഴിക്കോട് നോർത്തിൽ വടക്കൻപയറ്റിന്റെ ആവേശം.

തുടർച്ചയായി 3 വട്ടം എംഎൽഎ ആയ പ്രദീപ്കുമാറിനു പകരം സിപിഎമ്മിൽ ആദ്യം പറഞ്ഞുകേട്ടത് സംവിധായകൻ രഞ്ജിത്തിന്റെ പേരാണ്. മത്സരിക്കാൻ സമ്മതമറിയിച്ചെന്നു രഞ്ജിത്തും പറഞ്ഞു. എന്നാൽ‍ ജില്ലയിലെ 3 സംസ്ഥാനസമിതി അംഗങ്ങൾ എതിർത്തതോടെ ചില നേതാക്കൾ തയാറാക്കിയ ഈ തിരക്കഥ പാളി.

സിപിഎം സംസ്ഥാന നേതൃത്വമാണു പ്രദീപ്കുമാറിനു പകരം തോട്ടത്തിൽ രവീന്ദ്രന്റെ പേരു നിർദേശിച്ചത്. കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന അഭിജിത്ത് നേരത്തേതന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. മത്സരത്തിനു കരുത്തൻ തന്നെ വേണമെന്ന ബിജെപി ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തിനു നേതൃത്വത്തിന്റെ മറുപടിയാണ് എം.ടി.രമേശ്.

26 വർഷം കോർപറേഷൻ കൗൺസിലറും 2 ടേമുകളിലായി ഒൻപതര വർഷം മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രന്റെ ജനകീയതയിലാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വർധിച്ചുവരുന്ന ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും പ്രതീക്ഷ നൽകുന്നു. സർക്കാർ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ ‘പ്രിസം’ ഉൾപ്പെടെ മണ്ഡലത്തിൽ പ്രദീപ്കുമാർ നടപ്പാക്കിയ വികസനപദ്ധതികളും വോട്ടാകുമെന്ന് എൽഡിഎഫ് കരുതുന്നു.

അട്ടിമറികളുടെ ചരിത്രത്തിലാണ് അഭിജിത്തിന്റെ ആത്മവിശ്വാസം. എസ്എഫ്ഐ കോട്ടയായ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നാണ് 2013ൽ അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകുന്നത്. ആ വിജയം 2014ലെ കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും ആവർത്തിച്ച അഭിജിത്ത് ചെയർമാനായി. സമരങ്ങളിൽ പൊലീസ് മർദനമേറ്റു ചോരയൊലിക്കുന്ന അഭിജിത്തിന്റെ മുഖം മണ്ഡലത്തിൽ സുപരിചിതം. പിഎസ്‌സി കോപ്പിയടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 9 ദിവസമാണ് അഭിജിത്ത് നിരാഹാരമിരുന്നത്. സമരങ്ങളുമായി ബന്ധപ്പെട്ട് 29 കേസുകളാണ് അഭിജിത്തിന്റെ പേരിലുള്ളത്. കഴിഞ്ഞ 3 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ ഭൂരിപക്ഷം നേടിയതും യുഡിഎഫിന്റെ ആത്മവിശ്വാസം ഉറപ്പിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലം പരിധിയിൽ നടത്തിയ പ്രകടനത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. മണ്ഡലം പരിധിയിലെ 33 കോർപറേഷൻ വാർഡുകളിൽ അഞ്ചിടത്ത് ബിജെപി വിജയിച്ചു. 12 വാർഡുകളിൽ രണ്ടാമതെത്തി. മുപ്പതിനായിരത്തോളം വോട്ടാണ് ബിജെപി സ്ഥാനാർഥികൾ നേടിയത്.

മേയറായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ കഴിഞ്ഞ വട്ടം ജയിച്ച സ്വന്തം വീടുൾപ്പെടുന്ന വാർഡിൽ ഇക്കുറി ജയിച്ചത് ബിജെപി. കെ.സുരേന്ദ്രൻ തന്നെ ബിജെപിയിലേക്കു നേരിട്ടു ക്ഷണിച്ചെന്ന തോട്ടത്തിൽ രവീന്ദ്രന്റെ വെളിപ്പെടുത്തലുണ്ടായത് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിച്ചർച്ചകൾ ആരംഭിച്ച ഘട്ടത്തിലാണ്.

 കോഴിക്കോട് നഗരം വളരുന്നത് നോർത്ത് മണ്ഡലത്തിലേക്കാണ്. നഗരവികസനത്തിന്റെ പുതിയ മുഖം. ആ വളർച്ചയ്ക്കു കൈപിടിക്കുന്ന പുതുമുഖം ആരാകും എന്നറിയാനാണ് കാത്തിരിപ്പ്.

Content Highlights: Kozhikode north election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com