സർവേകളിൽ വിശ്വാസമില്ല: മുല്ലപ്പള്ളി
Mail This Article
യാത്ര ചെയ്യുമ്പോൾ ഓടുന്നതു കാറല്ല, മുല്ലപ്പള്ളിയാണെന്നു തോന്നും. പാറശാല മുതൽ കാസർകോട് വരെ ഓടിനടക്കുമ്പോൾ വാക്കിലും നോക്കിലുമൊക്കെ തിടുക്കമുണ്ടാകുക സ്വാഭാവികം. തിരക്കിട്ട ഓട്ടത്തിനിടയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മനോരമയോടു സംസാരിക്കുന്നു.
∙ യുഡിഎഫിന്റെ സാധ്യതകളെ എങ്ങനെയാണു കാണുന്നത്?
സീറ്റുകളുടെ കാര്യത്തിൽ ഉറപ്പിച്ചോളൂ, യുഡിഎഫ് സെഞ്ചുറി അടിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ അതേ ആത്മവിശ്വാസത്തോടെയാണു പറയുന്നത്. 55 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവതലമുറയും പിന്നെ പരിചയസമ്പന്നരുമുള്ള ഒന്നാംതരം സ്ഥാനാർഥിപ്പട്ടികയാണു ഞങ്ങളുടേത്. ജനങ്ങളുമായി ആശയസംവാദം നടത്തി തയാറാക്കിയ പ്രകടനപത്രിക യാഥാർഥ്യബോധവും ജനകീയസ്വഭാവമുള്ളതുമാണ്. അതും വോട്ടെടുപ്പിൽ പ്രതിഫലിക്കും.
∙ സർവേകൾ എൽഡിഎഫിനു മുൻതൂക്കം പ്രവചിക്കുകയാണല്ലോ?
2014ൽ ലോക്സഭയിലേക്കു ഞാൻ മത്സരിക്കുമ്പോൾ ജയിക്കുമെന്ന് ഒരു സർവേയും പ്രവചിച്ചില്ല. ജയിക്കില്ല എന്നു സർവേകൾ പറഞ്ഞപ്പോഴൊക്കെ ഞാൻ ജയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 16-17 സീറ്റുകൾ അല്ലേ സർവേകൾ പ്രവചിച്ചത്. എത്ര കിട്ടി ? കേവലം 1. സർവേ ഏജൻസികൾ കെപിസിസി ഓഫിസിൽ വന്ന് എന്നെയും കണ്ടതാണ്. ഞങ്ങൾക്കു വേണമെങ്കിലും അവർ സർവേ ചെയ്തു തന്നേനെ. എനിക്ക് ഈ സർവേകളിൽ വിശ്വാസമില്ല. ജനങ്ങളാണു യജമാനന്മാർ. അവരുടെ സർവേ ഏപ്രിൽ 6നു നടക്കും.
∙ സ്ഥാനാർഥിനിർണയത്തെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികൾ പട്ടികയുടെ തിളക്കം ഇല്ലാതാക്കിയില്ലേ? മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തല മുണ്ഡനം ചെയ്തു പാർട്ടി വിട്ടു.
ഇത്തരം അസ്വാരസ്യങ്ങൾ സാധാരണയാണ്. കേഡർ പാർട്ടിയായ സിപിഎമ്മിൽ എന്താണു സംഭവിച്ചത്? കുറ്റ്യാടിയിൽ സഖാക്കൾ കൊടിപിടിച്ചു സമരം ചെയ്തില്ലേ? ആലപ്പുഴയിൽ മുഖ്യമന്ത്രിയെ വരെ പേരെടുത്തു വിളിച്ചു പ്രതിഷേധിച്ചില്ലേ ? ബിജെപിയിലെ അന്തഃഛിദ്രം അങ്ങാടിപ്പാട്ടല്ലേ. ലതികാ സുഭാഷിന് എന്തൊക്കെ സ്ഥാനങ്ങൾ കോൺഗ്രസ് കൊടുത്തു. ഭർത്താവിനു വരെ സീറ്റു കൊടുത്തില്ലേ. ഇക്കുറി അവർ ഏറ്റുമാനൂർ സീറ്റ് ചോദിച്ചെങ്കിലും കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നു. പലരുവഴിയും ലതികയുമായി ഞാൻ ചർച്ച നടത്തി. ഐസ്ക്രീമിനു വാശി പിടിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ഏറ്റുമാനൂർ തന്നെ വേണമെന്ന് അവർ. ഒടുവിൽ എന്താ ചെയ്തത്? കോൺഗ്രസിന്റെ ആസ്ഥാനമന്ദിരത്തിൽ ചെയ്യാൻ പാടില്ലാത്ത അക്ഷന്തവ്യമായ അപരാധം അവർ ചെയ്തു. സിപിഎം ഗൂഢാലോചനയിൽ അവർ വീണു. അവരുടെ കൂടെപ്പോയ സ്ത്രീകൾ പിന്നീട് എന്നോടു സാഷ്ടാംഗം ക്ഷമ ചോദിച്ചു.
∙ കേരളത്തിൽ സമീപകാലത്ത് ആദ്യമായാണെന്നു തോന്നുന്നു ഡമ്മി പോലുമില്ലാതെ മുന്നണിസ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളിപ്പോകുന്നത്. യുഡിഎഫിനെ സഹായിക്കാനാണെന്ന് എൽഡിഎഫും സിപിഎം - ബിജെപി ധാരണയെന്നു കോൺഗ്രസും പറയുന്നു?
മൂന്നിടത്തു പത്രിക തള്ളിപ്പോയത് ആകസ്മികമല്ല. സാധാരണഗതിയിൽ ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശപത്രികകൾ ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണു സമർപ്പിക്കാറ്. ഇതു സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിയാണ്. ഞങ്ങൾ പറയുന്ന അന്തർധാര അവിടെയാണ്. നാലഞ്ചു സീറ്റുകളിൽ ജയിക്കാൻ സിപിഎമ്മുമായി ബിജെപി നീക്കുപോക്കു നടത്തുന്നു. 10 സീറ്റാണ് അവരുടെ ഡിമാൻഡ്.
∙ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കില്ലെന്നു താങ്കൾ പറഞ്ഞെങ്കിലും അതുതന്നെ സജീവ ചർച്ച?
മുഖ്യവിഷയമാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചതല്ല. സിപിഎം ഇരട്ടത്താപ്പു കാണിക്കുമ്പോൾ അതു വെളിച്ചത്തു കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചു. യുവതീപ്രവേശം അനുവദിക്കണമെന്നു പറഞ്ഞു പൊതുഖജനാവിൽനിന്ന് 50 കോടി മുടക്കി വനിതാമതിൽ കെട്ടിയവരാണ് സിപിഎമ്മുകാർ. അവിടെനിന്നു പിറകോട്ടു പോയിട്ട് ഞങ്ങൾ അങ്ങനെയല്ല, ഇങ്ങനെയല്ല എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? ഒടുവിൽ യച്ചൂരി പറയുന്നു, ആദ്യം എടുത്ത നിലപാടാണു ശരിയെന്ന്. ഏതാണു വിശ്വസിക്കേണ്ടത്? നാടകമെന്നോണം മുഖ്യമന്ത്രി വിശ്വസ്തനെ വച്ചു ജനങ്ങളെ നോക്കി കരയിപ്പിക്കുന്നു.
∙ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താങ്കൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്മാറേണ്ടിവന്നു. എന്തായിരുന്നു കാരണം?
അങ്ങനെ ഒരു ആഗ്രഹവും ഉണ്ടായിട്ടില്ല. ഇക്കുറി മത്സരിക്കണമെന്നു ഹൈക്കമാൻഡ് പറഞ്ഞതാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും പലവട്ടം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ എല്ലാ മണ്ഡലങ്ങളിലും ഓടിയെത്താൻ വേണ്ടിത്തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നില്ലെന്നു വച്ചത്.
∙ എൽഡിഎഫിനു പിണറായി വിജയൻ ക്യാപ്റ്റനാണ്. യുഡിഎഫിന്റെ ക്യാപ്റ്റൻ ആരാണ്?
ഞങ്ങളുടേത് കൂട്ടായ നേതൃത്വമല്ലേ. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട്.
Content Highlights: Mullappally on pre poll survey