സോളർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തൽ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല
Mail This Article
തിരുവനന്തപുരം ∙ സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്. കേസ് സിബിഐക്കു കൈമാറിയതിനു പിന്നാലെ അവർക്കു നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരമാണ് ഈ രേഖകൾ പുറത്തായത്. ഈ സർക്കാരിന്റെ ഭരണത്തിൽ പല പൊലീസ് സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താൻ കഴിയാത്തതു സർക്കാരിനു ക്ഷീണമായപ്പോഴാണു തിരഞ്ഞെടുപ്പിനു മുൻപു കേസ് സിബിഐയെ ഏൽപിച്ചത്.
സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. അന്നു പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിനും തെളിവില്ല. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നാണു പരാതിക്കാരിയുടെ ആരോപണം. 8 വർഷം മുൻപുള്ള സംഭവം ആയതിനാൽ ആ ദിവസത്തെ ഫോൺ കോൾ വിശദാംശങ്ങൾ ലഭ്യമല്ലെന്നു ടെലികോം കമ്പനികൾ അറിയിച്ചു.
ക്ലിഫ് ഹൗസിലുണ്ടായിരുന്ന പൊലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആ ദിവസം ഇരുവരെയും അവിടെ കണ്ടതായി ആരും മൊഴി നൽകിയില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനു തെളിവില്ലെന്നു ടി.കെ. ജോസ് സിബിഐക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
2018 ലാണ് ഉമ്മൻ ചാണ്ടിയെയും മറ്റു നേതാക്കളെയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്യുന്നത്. ഓരോ വ്യക്തിക്കും എതിരായ ആരോപണം അന്വേഷിക്കാൻ 6 സംഘങ്ങൾ രൂപീകരിച്ചു. രണ്ടര വർഷം അന്വേഷണം നടത്തി. പരാതിക്കാരിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വരുത്തി ദിവസങ്ങളോളം മൊഴി രേഖപ്പെടുത്തി. എന്നാൽ, തെളിവില്ലാതെ തുടർനടപടി പറ്റില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയത്. ഒടുവിൽ ഈ വർഷം ജനുവരിയിൽ കേസ് സിബിഐക്കു കൈമാറുകയും ചെയ്തു.
നേരത്തേ, കേസ് എടുക്കുന്നതിനു മുൻപു ഡിജിപി റാങ്കിലുള്ളയാൾ അടക്കം 3 ഉന്നത ഉദ്യോഗസ്ഥർ ആരോപണത്തിൽ കഴമ്പില്ലെന്ന നിലപാടിൽ ഈ അന്വേഷണത്തിൽനിന്നു പിന്മാറിയിരുന്നു. മാത്രമല്ല, സോളർ കമ്മിഷൻ റിപ്പോർട്ടിൽനിന്ന് ഈ ആരോപണം ഹൈക്കോടതി നീക്കുകയും ചെയ്തിരുന്നു.
അണികളെ പറഞ്ഞുനിർത്താനുള്ള ശ്രമവും പാളി: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ∙ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നുന്നില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 5 വർഷം ഒരു നടപടിയും ഇല്ലാതിരുന്നിട്ട് ഭരണം കഴിയാറായപ്പോൾ കേസ് സിബിഐക്കു വിട്ടത് അണികളെ പറഞ്ഞുനിർത്താനാണ്. ഈ സമയത്താണ് സിബിഐക്കു വിടാൻ പറ്റാത്ത കേസാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഇനിയും ഒരുപാടു കാര്യങ്ങൾ പുറത്തുവരും. പരാതിക്കാരിക്കു 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സിപിഎമ്മിനെതിരെ ആരോപണം ഉയർന്നിരുന്നു.
പുതിയ മൊഴിയെടുത്ത് കേസെടുക്കാൻ നോക്കിയെങ്കിലും ഉദ്യോഗസ്ഥർ യോജിച്ചില്ല. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഉപദേശം തേടിയെങ്കിലും അദ്ദേഹവും നടപടി സ്വീകരിക്കാൻ പറ്റില്ലെന്നു പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മുൻകൂർ ജാമ്യമെടുക്കാനോ എഫ്ഐആർ റദ്ദ് ചെയ്യിക്കാനോ ശ്രമിക്കില്ലെന്നു തീരുമാനമെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമായിരുന്നു കേസ്. അത് അഭിമുഖീകരിക്കാൻ തയാറായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Content Highlights: Solar case: No evidence against Oommen Chandy