5 പേർക്ക് ഒരേ മുഖം: പല മണ്ഡലം
Mail This Article
തിരുവനന്തപുരം ∙ ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവു പുറത്ത്. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്ക െന്നു തെളിയിക്കുന്നതാണ് രേഖകൾ.
നേമത്ത് 88–ാം ബൂത്തിലെ അശ്വതി സി.നായർ, ബൂത്ത് 98 ലെ ഷെമി, ചിറയിൻകീഴ് 119–ാം ബൂത്തിലെ സിന്ധു, വട്ടിയൂർക്കാവ് 32–ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33–ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാർഡുകളിൽ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62–ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാർ, 47 ലെ ശെൽവകുമാർ, തിരുവനന്തപുരം 110–ാം ബൂത്തിലെ ഉത്തമൻ, വട്ടിയൂർക്കാവ് 89–ാം ബൂത്തിലെ സുനിൽ രാജ് എന്നിവർക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ മുഖമാണ്.
പട്ടികയിൽ പേരു ചേർക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേർക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം തള്ളുന്നതാണു രേഖകൾ. പിടിക്കപ്പെടാതിരിക്കാൻ ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാർഥ വോട്ടർ ആരാണ്, അവർക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.
കേസ് െഹെക്കോടതിയിൽ; ഇന്നു പരിഗണിച്ചേക്കും
കൊച്ചി ∙ ഇരട്ട, വ്യാജ വോട്ടുകൾ മരവിപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. നടപടിക്കു തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്നും ഇരട്ട, വ്യാജ വോട്ടുകൾ ചെയ്യാൻ അനുവദിക്കരുതെന്നും ഹർജിയിൽ പറയുന്നു.
‘ഇരട്ട, വ്യാജ വോട്ടുകൾ സംബന്ധിച്ച് 5 കത്തുകളും സിഡിയും റിപ്പോർട്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകിയെങ്കിലും മറുപടിപോലുമില്ല. ’
രമേശ് ചെന്നിത്തല (ഹൈക്കോടതിയിലെ ഹർജിയിൽ)
Content Highlights: Voters list doubling Kerala