കമ്മിഷൻ ഇടപെട്ടു; കിറ്റ് ഒന്നു മുതൽ: 31ന് മുൻപ് കിറ്റ് നൽകാനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ വിഷു– ഈസ്റ്ററിന്റെ ഭാഗമായി ഏപ്രിലിൽ നൽകേണ്ട ഭക്ഷ്യക്കിറ്റ് മുൻകൂട്ടി നൽകാനുള്ള തീരുമാനം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലിനെത്തുടർന്ന് സർക്കാർ പിൻവലിച്ചു. ഈ മാസം 31ന് മുൻപ് കിറ്റ് നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്.
ഏപ്രിൽ 1 മുതൽ കിറ്റുകൾ വിതരണം ചെയ്യും. പുതിയ തീരുമാന പ്രകാരം എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി കിറ്റ് കിട്ടും. ഒൻപതിനു പകരം 14 ഇനങ്ങൾ ഉൾപ്പെടുത്തി.
ഏപ്രിൽ 1, 2 തീയതികളിൽ അവധിയായതിനാൽ, പ്രത്യേക ഉത്തരവിറക്കി റേഷൻ കട തുറന്നു കിറ്റ് വിതരണം ചെയ്യാനാണു തീരുമാനം. പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും. കമ്മിഷന്റെ കൂടുതൽ ഇടപെടൽ ഉണ്ടാകും മുൻപ് ഇനി പരമാവധി കിറ്റുകൾ വിതരണം ചെയ്യാനുളള നീക്കത്തിലാണു സർക്കാർ.
മുൻഗണനേതര വിഭാഗക്കാർക്ക് (വെള്ള, നീല കാർഡുകാർ) 15 രൂപ വച്ചു 10 കിലോ സ്പെഷൽ അരി നൽകുന്നതും പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തടഞ്ഞിരുന്നു. ഇതിനെതിരെ നിയമ നടപടിക്കും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇതു സംബന്ധിച്ച തുടർ നടപടികൾ വൈകാനാണു സാധ്യത.
വിഷു– ഈസ്റ്റർ കിറ്റും മേയ് മാസത്തെ ക്ഷേമ പെൻഷനും വോട്ടെടുപ്പിനു തൊട്ടു മുൻപു വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമെന്നു പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു.
സാധാരണ നിലയിൽ ഓരോ മാസത്തിന്റെയും അവസാനത്തോടെയാണു കിറ്റ് വിതരണം. കോവിഡിനെത്തുടർന്ന് അടച്ചതിനാൽ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം നടന്നിട്ടില്ല. ഈ അരി കുട്ടികൾക്കു നൽകാൻ 4 മാസം മുൻപു തീരുമാനിച്ചിരുന്നു. അതും ഈയിടെ വിതരണം ചെയ്തത് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.