ADVERTISEMENT

കൊച്ചി∙ പാവപ്പെട്ടവർക്കു സർക്കാർ  നൽകുന്ന ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും  അരിയും മുടക്കാൻ  പ്രതിപക്ഷ നേതാവു ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് അരിയും ഭക്ഷ്യസാധനങ്ങളും ലഭിച്ചാൽ കേരളത്തിലെ ജനങ്ങൾ സ്വാധീനത്തിൽ പെടുമെന്ന് അദ്ദേഹം കരുതുന്നത് അപമാനകരമാണെന്നും പിണറായി പരിഹസിച്ചു. 

തിരഞ്ഞെടുപ്പു ഘട്ടത്തിൽ സർക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളിൽ ജനങ്ങൾക്കുള്ള സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഒതുങ്ങുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ, പ്രതിപക്ഷ നേതാവ് അതുകൊണ്ടു തൃപ്തനായില്ല. 

തിരഞ്ഞെടുപ്പു കമ്മിഷനു സ്വന്തം ലെറ്റർ പാഡിൽ കത്തു നൽകി. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ സാധന വിതരണം,  വിഷു സ്പെഷലായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം, ഏപ്രിൽ– മേയ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം എന്നിവയിൽ  നിന്നു സർക്കാരിനെ വിലക്കണം എന്നാണ്  ആവശ്യപ്പെട്ടത്. ഇൗ ആവശ്യങ്ങൾ പിൻവലിച്ചു  പ്രതിപക്ഷ നേതാവു ജനങ്ങളോടു മാപ്പു പറയണം– മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വികലമായ മനോനില എന്നായിരുന്നു സിപിഎം വിമർശനം.

കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടുന്ന ആരാച്ചാർ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണെന്നും  കിഫ്ബി ഓഫിസിലെ  ആദായ നികുതി റെയ്ഡ് എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറൽ തത്വങ്ങൾക്കു നിരക്കാത്ത രീതിയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറുകയാണു കേന്ദ്ര സർക്കാർ. കിഫ്ബി സിഇഒ അടക്കമുള്ളവരെ പാതിരാത്രി വരെ ചോദ്യം ചെയ്തു. 

സാധാരണ ഒരു കടലാസ് അയച്ചാൽ ഉടൻ ലഭ്യമാകുന്ന രേഖകളാണു കിഫ്ബിയിലുള്ളത്. മിന്നൽ പരിശോധനയും  മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലും കിഫ്ബി ഉദ്യോഗസ്ഥരെ ശത്രുക്കളെപ്പോലെ കണ്ടുള്ള പെരുമാറ്റവുമെല്ലാം എന്തിനാണ്? 

കോൺഗ്രസിനും യുഡിഎഫിനും ആർഎസ്എസിനുമെല്ലാം ഇത്തരം കാര്യങ്ങളിൽ  ഒരേ വിചാരം ഉണ്ടാകുന്നതായാണു കാണുന്നത്. നാടിനും ജനങ്ങൾക്കും പ്രയോജനകരമായ ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയിലാണു യുഡിഎഫും അവരെ സഹായിക്കുന്ന ബിജെപിയുമെന്ന് അദ്ദേഹം പറഞ്ഞു.

സഹായം നൽകുന്നതിന് പ്രതിപക്ഷം തടസ്സം: കാനം

 ജനങ്ങൾക്കു സഹായം നൽകുന്നതിനു പ്രതിപക്ഷം തടസ്സം നിൽക്കുന്നത് എന്തിനെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകളെ എതിർക്കുന്നതാണോ പ്രതിപക്ഷത്തിന്റെ ധർമമെന്ന് അദ്ദേഹം ചോദിച്ചു.

വെള്ള–നീല കാർഡ് ഉടമകൾക്കു സ്പെഷൽ അരി വിതരണം സംബന്ധിച്ച ഉത്തരവ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപാണു പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവിന്റെ പരാതി കാരണമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അരി വിതരണം തടഞ്ഞത്.പ്രതിപക്ഷ നേതാവ് കേരളത്തിനു നൽകിയ സഹായത്തിനു ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നന്ദി പറയണം. അതിനുള്ള അവസരം കേരളത്തിലെ ജനങ്ങൾക്കു ലഭിക്കുകയാണെന്നും കാനം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com