ആത്മവിശ്വാസം കോണി ചാരിയ ആൾമരം; യുഡിഎഫിന്റെ പ്രതീക്ഷയായി പി.കെ. കുഞ്ഞാലിക്കുട്ടി
Mail This Article
‘കൊടുങ്കാറ്റുകൾ കണ്ടും കൊണ്ടും ഞാനൊരു മരമായിപ്പോയി’ എന്നു പി.കെ. കുഞ്ഞാലിക്കുട്ടി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ആ വൻമരത്തിന്റെ കാതലിലും കരുതലിലുമാണു യുഡിഎഫിന്റെ മതനിരപേക്ഷ ആത്മവിശ്വാസം കോണി ചാരിവച്ചിരിക്കുന്നത്.
സർവേ റിപ്പോർട്ടുകൾ യുഡിഎഫിന് എതിരുനിൽക്കുമ്പോഴും ആത്മവിശ്വാസത്തിന്റെ ആൾമരമായി കേരള രാഷ്ട്രീയത്തിൽ പടർന്നു നിൽക്കുന്നുണ്ട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. ‘‘യുഡിഎഫ് സ്ഥാനാർഥികൾ ഫീൽഡിൽ ഇറങ്ങിയിട്ടു പോലുമില്ലാത്ത കാലത്ത് പത്തോ നൂറോ ആളുകളുടെ അഭിപ്രായം ചോദിച്ചുണ്ടാക്കിയ സർവേകൾക്കൊന്നും കാൽക്കാശിന്റെ വിലയില്ല. കേരളം ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ സിപിഎം കളിക്കുന്ന കളികളാണ്. അതൊക്കെ മലയാളികൾ തിരിച്ചറിയുന്നുണ്ട്’’ – അദ്ദേഹം പറയുന്നു.
5 കൊല്ലത്തിനിടയിൽ നാലാമത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണെങ്കിലും സ്വന്തം മണ്ഡലത്തിൽ ചുറ്റിത്തിരിയാൻ സമയമില്ല. പാർലമെന്റിൽ നിന്നു തിരിച്ചു വിളിച്ച് പാർട്ടി നിയോഗിച്ചിരിക്കുന്നതു മലപ്പുറം രാഷ്ട്രീയത്തിലേക്കല്ല, കേരള രാഷ്ട്രീയത്തിലേക്കാണ്.
വിശ്വാസവും മതവും മുഖ്യപ്രചാരണ വിഷയമാവുകയും സമുദായ സഹവർത്തിത്വത്തിന്റെ ഇഴകൾ ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നൊരു കാലത്താണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ടീയത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നത്. ‘‘പച്ചയ്ക്കു വർഗീയത പറഞ്ഞു ബിജെപിയിൽ ആളെക്കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. തുടർഭരണം കിട്ടാൻ വേണ്ടി സ്വന്തം കുഴി തോണ്ടുകയാണ്. ഇവിടത്തെ മതനിരപേക്ഷതയ്ക്കു കോട്ടം തട്ടിയാൽ പിന്നെ കേരളം ഇല്ല. പാണക്കാട്ടെ തങ്ങൾമാർ വർഗീയവാദികളാണെന്നു രാഷ്ട്രീയ എതിരാളികൾ പോലും പറയാറില്ല. പക്ഷേ സിപിഎം നേതാവ് പറഞ്ഞു. എൻഎസ്എസ് നേതാക്കളും എസ്എൻഡിപി നേതാക്കളും ക്രൈസ്തവ സഭാ മേധാവികളുമൊക്കെ പാണക്കാട്ടു വന്നിട്ടുണ്ട്. ഓരോ സമുദായ സംഘടനയ്ക്കും അവരുടെ സമുദായ താൽപര്യങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. അതു വർഗീയതയല്ല, അവകാശബോധമാണ്. ന്യൂനപക്ഷങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ചു തമ്മിലടിപ്പിക്കാനാണു ശ്രമം’’– കുഞ്ഞാലിക്കുട്ടി പറയുന്നു.
ഉച്ചവരെ മലപ്പുറത്തായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് കോഴിക്കോട്ടേക്ക്. തിരുവമ്പാടി മണ്ഡലത്തിലെ കാരശ്ശേരിയിലാണ് ആദ്യയോഗം. ഉച്ചകഴിഞ്ഞ്, കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനിയിൽ എം.കെ. മുനീറിന്റെ സമ്മേളനത്തിലേക്ക് എത്തുമ്പോൾ റോഡ് ബ്ലോക്കാണ്. ആൾക്കൂട്ടം അതിരുകവിഞ്ഞതറിഞ്ഞു തിരഞ്ഞെടുപ്പു നിരീക്ഷകർ പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്.
നരിക്കുനി കോൺഗ്രസ് ഭവന്റെ താഴെയാണു സമ്മേളനം. ആഴക്കടൽ വിവാദവും അരി വിതരണവുമെല്ലാം പ്രസംഗത്തിൽ കടന്നു വരുന്നുണ്ടെങ്കിലും, മതനിരപേക്ഷതയ്ക്കു തന്നെയാണ് ഊന്നൽ: ‘‘ബിജെപിയുടെ വർഗീയ ഫാഷിസത്തിനെതിരെ പാർലമെന്റിൽ നാലു വർത്തമാനം പറയാനാളുള്ളതു കോൺഗ്രസിനാണ്. ആ കോൺഗ്രസിനെ തകർക്കാൻ ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണു സിപിഎം. ത്രിപുരയിലെ അനുഭവം നിങ്ങൾ മറക്കരുത്. അവിടെ വഴിവിട്ട കളികളിലൂടെ കോൺഗ്രസിനെ ബലഹീനമാക്കിയപ്പോൾ ബിജെപി വളർന്നു. പിന്നാലെ സിപിഎമ്മും ഇല്ലാതായി.’’
ഇവിടെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും എല്ലാം വേണമെന്നാണു കുഞ്ഞാലിക്കുട്ടി പറയുന്നത്. ഓരോ 5 കൊല്ലം കൂടുമ്പോഴും ഭരണം മാറണം. അല്ലെങ്കിൽ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിലനിൽപുണ്ടാവില്ല.
രാത്രി ഏഴരയോടെ കുന്നമംഗലം മണ്ഡലത്തിലെ പെരുമണ്ണയിലെത്തുമ്പോൾ ആൾക്കൂട്ടം പിന്നെയും വളർന്നിരിക്കുന്നു; ആരവങ്ങൾ അടങ്ങാൻ എത്രയോ നേരം കാത്തുനിൽക്കേണ്ടി വരുന്നു. തിരഞ്ഞെടുപ്പു സർവേകളുടെ പൊള്ളത്തരത്തെക്കുറിച്ച് അവിടെ പറഞ്ഞത് ഇങ്ങനെ: ‘‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ടഫ് ഫൈറ്റ് ആണെന്നാണു സർവേക്കാരെല്ലാം പറഞ്ഞത്. എന്നിട്ടോ? 4 ലക്ഷത്തിന്റെ ഭൂരിപക്ഷം. തിരുവനന്തപുരത്ത് ശശി തരൂർ മൂന്നാം സ്ഥാനത്താവും എന്നായായിരുന്നു പ്രവചനം. ഇത്തവണ മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നാണല്ലോ സർവേ. അവിടെ യുഡിഎഫ് തരംഗമാണെന്നാണു പുതിയ റിപ്പോർട്ട്. പക്ഷേ, മഞ്ചേശ്വരത്തും നേമത്തുമെല്ലാം ബിജെപിയെ സഹായിക്കാൻ സിപിഎം ദുർബല സ്ഥാനാർഥികളെ നിർത്തിയിരിക്കുകയാണ്.’’
രാത്രി 9 മണിയോടടുക്കുന്നു. കോഴിക്കോട് സൗത്തിലെ പയ്യാനക്കൽ ബീച്ച് റോഡിൽ ചെറുപ്പക്കാർ പച്ചക്കൊടിയും വീശി കാർ തടഞ്ഞു. സ്റ്റേജിനടുത്തു വരെ വാഹനം ചെല്ലുമെങ്കിലും നേതാവിനെ കാറിൽ നിന്നിറക്കി നടത്തിക്കൊണ്ടു പോയി. തൊണ്ട കീറി വിളിക്കുന്ന മുദാവാക്യങ്ങളിൽ പതിവു പോലെ പുലിയും പുലിക്കുട്ടിയും തന്നെ. വീതികുറഞ്ഞ റോഡിലും കെട്ടിടങ്ങളുടെ മുകളിലും തിങ്ങിനിറഞ്ഞ് ജനം. യൂത്ത് ലീഗ് വൊളന്റിയർമാർ മറ്റു വാഹനങ്ങൾക്കു വഴിയൊരുക്കി. ചെറുപ്പക്കാരോടാണ് ഇവിടത്തെ പ്രസംഗം: ‘‘ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഐടി രംഗത്തു മാത്രം 2 ലക്ഷം പേർക്കാണു ജോലി കൊടുത്തത്. എൽഡിഎഫ് ഭരണത്തിൽ ഉന്നത യോഗ്യതയുള്ളവർ പോലും തെരുവിൽ മുട്ടിലിഴയുകയാണ്. സർക്കാർ ജോലി കൊടുത്തത് മൂത്താപ്പമാർക്കും എളാപ്പമാർക്കും ഭാര്യമാർക്കും അനുജത്തിമാർക്കും മാത്രം.’’
വലിയ പ്രസംഗകനെന്നു പേരുകേട്ട നേതാവല്ല. നെടുങ്കൻ പ്രഭാഷണങ്ങളോ തീപ്പൊരി വാചകങ്ങളോ പതിവില്ല. ആരെയും പ്രകോപിപ്പിക്കാതെയും ഒന്നിലും പ്രകോപിതനാവാതെയും നർമം കലർത്തി നാട്ടുഭാഷയിലാണു പറയുക. തിരഞ്ഞെടുപ്പു പ്രസംഗങ്ങൾ 15 മിനിറ്റിലൊതുക്കും.
കോവിഡ് വാക്‌സീനെടുത്തിട്ടില്ലെങ്കിലും കോവിഡ്കാല ജാഗ്രതയോടെയാണ് ഓരോ ചലനവും. കാറിനുള്ളിൽ ആൾക്കൂട്ടമില്ല. ഹസ്തദാനവും ഹാരാർപ്പണവുമില്ല. എങ്കിലും സെൽഫിയെടുക്കാൻ ചാടി വീഴുന്നവർക്കു മുൻപിൽ സാമൂഹിക അകലം മാഞ്ഞുപോകുന്നു.
കോഴിക്കോട്ടെ ലീഗ് ഓഫിസിൽ സൗത്ത് മണ്ഡലം അവലോകന യോഗം കഴിഞ്ഞു മലപ്പുറത്തെ വീട്ടിലേക്കു മടങ്ങുമ്പോൾ മണി പതിനൊന്നാകുന്നു. വെളുപ്പിന് എണീക്കണം. പ്രാർഥനയും ഒരു മണിക്കൂർ നടത്തവും വായനയുമെല്ലാം കഴിഞ്ഞ് 8 മണിയോടെ ഒരുങ്ങിയിറങ്ങണം. പാർട്ടി ആസ്ഥാനം പാണക്കാട്ടാണെങ്കിലും ആസ്ഥാനമന്ദിരം കോഴിക്കോട്ടായതു പോലെ, പരമാധ്യക്ഷൻ പാണക്കാട് തങ്ങളാണെങ്കിലും പടത്തലവൻ കുഞ്ഞാലിക്കുട്ടിയാണല്ലോ.