ADVERTISEMENT

ബാലുശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എം.സച്ചിൻദേവും കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്തും മീഞ്ചന്ത ഗവ. ആർട്സ് കോളജിലെ 2011–14 ഡിഗ്രി ബാച്ച്മേറ്റ്സാണ്. ഇരുവരും ഒരേ കോളജ് യൂണിയനിൽ അംഗങ്ങളായിരുന്നു. സച്ചിൻദേവ് ചെയർമാനും അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും. പിന്നാലെ അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് അഭിജിത്ത്; സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും. നിയമസഭയിലേക്ക് ഇരുവർക്കും കന്നിയങ്കം. സച്ചിൻദേവ് എൽഡിഎഫിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി; അഭിജിത്ത് യുഡിഎഫിലെയും.

കോഴിക്കോട് നഗരത്തിലെ നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ ബാലുശ്ശേരിയിലെ സിപിഎം പ്രവർത്തകന്റെ വീട്ടിലാണു താമസം. രാവിലെ ആറിനു പ്രചാരണത്തിനിറങ്ങും. പ്രഭാതഭക്ഷണം സിപിഎം പ്രവർത്തകരുടെ വീടുകളിലാണ്. പ്രചാരണം അവസാനിപ്പിച്ചു താമസസ്ഥലത്തു തിരിച്ചെത്തുമ്പോൾ രാത്രി ഒൻപതാകും. എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് അവലോകനവും രാഷ്ട്രീയചർച്ചയും കഴിഞ്ഞ് ഉറങ്ങുമ്പോൾ 11 കഴിയും.

കോഴിക്കോട് അത്തോളി സ്വദേശിയായ അഭിജിത്ത് പ്രചാരണത്തിനായി നഗരത്തിലെ വാടകവീട്ടിലാണു താമസം. രാവിലെ 5.30ന് ഉണർന്നാൽ അൽപം നടക്കുന്ന പതിവുണ്ട്. ആ നടത്തം ഇപ്പോൾ വോട്ടു ചോദിച്ചാണ്. വാടകവീടിനു സമീപത്തെ മെസിൽനിന്നാണു പ്രഭാതഭക്ഷണം. മണ്ഡലപര്യടനവും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലെ സന്ദർശനവുമൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ പുലർച്ചെ രണ്ടു കഴിയും.

കോളജിലെ എൻഎസ്എസ് ക്യാംപുകളിൽ ഒരുമിച്ചുണ്ടായിരുന്നു അഭിജിത്തും സച്ചിനും. ദൃഢമായ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഇരുവരും പറയുന്നു. ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ട്. പക്ഷേ, സ്ഥാനാർഥിയായതിനു ശേഷം വിളിക്കാൻ സമയം കിട്ടിയില്ല. സച്ചിൻ മത്സരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിലാണ് അഭിജിത്തിനു വോട്ട്. പക്ഷേ, സച്ചിന്റെ വോട്ട് കോഴിക്കോട് നോർത്തിലല്ല; തൊട്ടടുത്ത മണ്ഡലമായ കോഴിക്കോട് സൗത്തിലാണ്.

Content Highlights: Assembly election candidates: Sachin Dev and Abhijith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com