ക്രൈംബ്രാഞ്ചിനു വീണ്ടും പിന്നിൽ കുത്ത്; പൊലീസ് ആസ്ഥാനത്തു പൊട്ടിത്തെറി
Mail This Article
തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) കേസിന്റെ വാദം ഹൈക്കോടതിയിൽ നടക്കുമ്പോൾ ക്രൈംബ്രാഞ്ചിനെ ഇരുട്ടിലാക്കി പൊലീസ് ആസ്ഥാനത്തു നിന്നു പിന്നിൽ കുത്ത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികളിലെ ഒരു ഉദ്യോഗസ്ഥനെയും തങ്ങൾ വിളിച്ചിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ ആണയിടുമ്പോൾ കൊച്ചി ഡിസിപിയുടെ മുറിയിൽ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി മണിക്കൂറുകളായി ഇരുത്തിയിരിക്കുകയായിരുന്നു. ഇതറിയാതെ ആയിരുന്നു ക്രൈംബ്രാഞ്ച് വാദം. വൈകിട്ട് ഇക്കാര്യമറിഞ്ഞ ക്രൈംബ്രാഞ്ച് ഉന്നതർ ഡിജിപി ലോക്നാഥ് ബെഹ്റയോടു ക്ഷോഭിച്ചതായാണു സൂചന. ഇഡിക്കെതിരെ കേസ് എടുക്കുന്നതിനു താൻ എതിരാണെന്നു ബെഹ്റ കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉന്നതരെ രഹസ്യമായി നേരത്തേ തന്നെ അറിയിച്ചിരുന്നു. അതോടെ കരുതലോടെ നീങ്ങിയ ക്രൈംബ്രാഞ്ചിന് ഈ നീക്കം അപ്രതീക്ഷിതമായി.
ഇഡിക്കെതിരെ കേസ് എടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കും മൊഴി നൽകിയവർക്കും ഗൂഢാലോചന നടത്തിയ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ഇഡി പകരം കേസ് എടുക്കുമെന്ന വിവരം പൊലീസ് ആസ്ഥാനത്തു ലഭിച്ചിരുന്നു. അതോടെയാണു ചിലർ ചുവടു മാറിയത്. ഇഡിക്കെതിരെ കൂടുതൽ കേസ് എടുക്കാൻ സർക്കാർ നിർദേശിച്ചപ്പോൾ ഉത്തരവിൽ ഒപ്പിടാതെ ജൂനിയർ സൂപ്രണ്ടുമാരെക്കൊണ്ടു കത്തു നൽകിച്ചു. അതോടെ ക്രൈംബ്രാഞ്ച് ജാഗ്രതയിലായിരുന്നു.
തങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയിലായിരുന്നു ബുധനാഴ്ച ഹൈക്കോടതിയിൽ വാദം. വനിതാ പൊലീസുകാരുടെ ഓഡിയോ ക്ലിപ്പിന്റെ നിജസ്ഥിതി അന്വേഷിച്ച എസ്പി ബിജുമോന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡിക്കെതിരായ ആദ്യ ക്രൈംബ്രാഞ്ച് കേസ്. ഇതിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ കസ്റ്റംസ് അസി.കമ്മിഷണർ ലാലുവിനോടു ബുധനാഴ്ച രാവിലെ ഹാജരാകാൻ കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രെ ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. അതിനിടെ ആരെയെങ്കിലും വിളിപ്പിച്ചോയെന്ന അന്വേഷണം അഭിഭാഷകരിൽ നിന്നു ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. എല്ലാ യൂണിറ്റിലും തിരക്കിയ ശേഷം ഇല്ലെന്ന ഉറച്ച മറുപടി വീണ്ടും നൽകി. സർക്കാർ വീണ്ടും ഇക്കാര്യം കോടതിയെ അറിയിച്ചു. എന്നാൽ ഈ സമയമെല്ലാം ലാലു ഡിസിപിയുടെ മുറിയിലായിരുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പൊതുഭരണ വകുപ്പിലെ അസി.പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിലാണു ലാലുവിനെ വിളിപ്പിച്ചത്. ഹാജരാകാൻ രേഖാമൂലം സമൻസ് നൽകാതെ പകരം ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഇതു ക്രൈംബ്രാഞ്ച് അറിഞ്ഞതു വൈകിട്ട്. പൊലീസ് അസ്ഥാനത്തു നിന്ന് ആരും ക്രൈംബ്രാഞ്ചിനെ അറിയിച്ചതുമില്ല.
പരാതി ജനുവരിയിൽ; അന്വേഷണം ഇപ്പോൾ
അസി.പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണനെ കസ്റ്റംസുകാർ മാനസികമായി പീഡിപ്പിച്ചെന്നും കയ്യേറ്റത്തിനു ശ്രമിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഭാരവാഹികൾ ഡിജിപിക്കു പരാതി നൽകിയത് ജനുവരി ആദ്യം.
കേന്ദ്രം അന്വേഷിക്കണമെന്നു കേന്ദ്ര മന്ത്രി അമിത്ഷായ്ക്കു നൽകിയ കത്തിൽ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു. സാധാരണ ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറേണ്ടതാണ്. എന്നാൽ അതു ചെയ്തില്ല. ഇഡിക്കെതിരായ കേസ് വിവാദമായപ്പോൾ ഈ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയ്ക്കു നൽകി. അദ്ദേഹം കൊച്ചി ഡിസിപിക്കും കൈമാറി. തുടർന്നു പരാതിക്കാരുടെ മൊഴി പോലും എടുക്കാതെയാണു കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചത്. അതും ഇഡിക്കെതിരായ കേസിന്റെ വാദം നടക്കുന്ന ദിവസം.
English Summary: Crime branch vs dgp in ED case