വിരിഞ്ഞിറങ്ങി മൂർഖൻ കുഞ്ഞുങ്ങൾ; ഒന്നല്ല, 35 എണ്ണം !
Mail This Article
കോട്ടയം ∙ നോക്കിനിൽക്കെ മുട്ടയുടെ തോടു പൊട്ടി മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തെത്തി. ഒന്നല്ല, 35 എണ്ണം. വനംവകുപ്പിന്റെ പാറമ്പുഴ ഡിവിഷന്റെ കീഴിലാണ് ഈ അപൂർവ സംഭവം. 5 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. പാമ്പിൻകുഞ്ഞുങ്ങളെ എരുമേലിക്കു സമീപം വനമേഖലയിൽ വിട്ടയച്ചു.
പാറമ്പുഴ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ വിഭാഗമാണ് പാമ്പിൻകുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. ഫെബ്രുവരി 15നു മറിയപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇവർക്ക് മൂർഖൻ പാമ്പിനെയും 35 മുട്ടകളും കിട്ടിയത്. അന്നു വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു വനംവകുപ്പ് പ്രൊട്ടക്‌ഷൻ വാച്ചർ കെ.എ. അഭീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് പാമ്പിനെ പിടിച്ചത്. എന്നാൽ പാമ്പിനെ അന്നു തന്നെ കാട്ടിലേക്കു വിട്ടയച്ചു. മുട്ടകൾ ഓഫിസ് വളപ്പിലെ പ്രത്യേക ഷെഡിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചു. അന്നു മുതൽ കാലാവസ്ഥയിലെ തണുപ്പും ചൂടും അനുസരിച്ച് ചൂട് ക്രമീകരിച്ചു നൽകി വരികയായിരുന്നു. കഴിഞ്ഞ 25നു മുട്ടകളിൽ ഒന്നു പൊട്ടി ആദ്യ പാമ്പിൻകുഞ്ഞ് പുറത്തു വന്നു. പിന്നെയുള്ള ദിവസങ്ങളിലായി ബാക്കിയുള്ള മുട്ടയും വിരിഞ്ഞു.
ഇന്നലെ വൈകിട്ട് എരുമേലിക്കു സമീപമുള്ള കാട്ടിൽ പാമ്പിൻകുഞ്ഞുങ്ങളെ തുറന്നുവിട്ടു. പാമ്പിൻകുഞ്ഞുങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന ആവാസവ്യവസ്ഥയുള്ള സ്ഥലം കണ്ടെത്തിയാണ് ഉപേക്ഷിച്ചതെന്നു വനംവകുപ്പിന്റെ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്. സനീഷ്, ദിവ്യ എസ്. രമണൻ, പ്രൊട്ടക്‌ഷൻ വാച്ചർ കെ.എ. അഭീഷ് എന്നിവർ പറഞ്ഞു.
അപകടത്തിൽപെടുന്ന വന്യജീവികളെ രക്ഷപ്പെടുത്തുകയും പരുക്കേൽക്കുന്ന ജീവികളെ ചികിത്സിച്ച് ഭേദമാക്കി കാട്ടിലേക്ക് വിടുകയും ചെയ്യുന്ന സേവന പ്രവർത്തനമാണ് വനംവകുപ്പിന്റെ പ്രൊട്ടക്‌ഷൻ വിഭാഗം ചെയ്യുന്നത്.
English Summary: 35 Snakes hatched in Erumeli