ADVERTISEMENT

കൽപറ്റ/അരീക്കോട് (മലപ്പുറം) ∙ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. കേരളം ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കും. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലും ഇതേ കാര്യം താൻ പറഞ്ഞിട്ടുണ്ട്. 

കേരളത്തിലെ സർക്കാർ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് സമ്മാനിച്ചതെങ്കിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിലാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ. രണ്ടിനെയും ഒരുമിച്ച് നേരിടേണ്ടതുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് മറികടക്കാനുള്ള ആശയമാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വരുന്നതോടെ വർഷം 72,000 രൂപ ബാങ്ക് അക്കൗണ്ടിൽ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ– അതു ന്യായ് പദ്ധതി ഉറപ്പാക്കും. പാവപ്പെട്ടവരുടെ കൈയിൽ പണമെത്തുമ്പോൾ അവർ ചെലവഴിക്കുന്ന പണം  ഉൽപാദനം കൂടുന്നതിനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും വഴിയൊരുക്കും.  ഇതുവഴി നാടിന്റെ സാമ്പത്തികരംഗം ശക്തിപ്പെടും.   ഇതോടെ ദാരിദ്ര്യമില്ലാത്ത കേരളം സാധ്യമാവും. 

മലയോര മേഖലയെ ആശങ്കയിലാക്കിയ ബഫർ സോൺ‍ നിർദേശം നൽകിയത് സംസ്ഥാന സർക്കാരാണെന്നാണ് ലോക്സഭയിലെ ചോദ്യത്തിനു ലഭിച്ച മറുപടിയെന്നും രാഹുൽ പറഞ്ഞു. സങ്കീർണമാണ് ബഫർ സോൺ അടക്കമുള്ള പ്രശ്നങ്ങൾ.  യുഡിഎഫ് സർക്കാർ അതിനു  പ്രത്യേക  പാക്കേജ്  കൊണ്ടുവരും. മോദിയും ആർഎസ്എസ്സുമടങ്ങുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടേണ്ടതുണ്ട്.

വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തിയേ തീരു. കേരളത്തിലെ അക്രമരാഷ്ട്രീയത്തെയും എതിർത്തു തോൽപ്പിക്കണം. വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട മാനന്തവാടി, ബത്തേരി, കൽപറ്റ, കൂടരഞ്ഞി, അരീക്കോട്, തുവ്വൂർ, നിലമ്പൂർ എന്നിവിടങ്ങളിലായി നടന്ന റോഡ് ഷോകളിലും സമ്മേളനങ്ങളിലും രാഹുൽ പറഞ്ഞു.

English Summary: Will not allow to implement citizenship amendment act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com