ADVERTISEMENT

കണ്ണൂർ ∙ തിരഞ്ഞെടുപ്പു രാഷ്ട്രീയം വിടുകയാണെന്ന് വെളിപ്പെടുത്തി മന്ത്രി ഇ.പി. ജയരാജൻ പാർട്ടിയുമായി ആലോചിക്കാതെ നടത്തിയ പ്രഖ്യാപനത്തിനെതിരെ സിപിഎമ്മിൽ അതൃപ്തി പുകയുന്നു. കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്റെ നടപടി കമ്യൂണിസ്റ്റ് തത്വങ്ങൾക്കു നിരക്കാത്തതാണെന്ന മട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, ചർച്ച ചെയ്യുമെന്ന സൂചനയും നൽകി. 

തുടർഭരണം എന്ന ലക്ഷ്യവുമായി പാർട്ടി രംഗത്തിറങ്ങിയ സമയത്ത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിൽ ജയരാജൻ പെരുമാറിയതിലുള്ള നീരസമാണു നേതാക്കൾ പ്രകടിപ്പിച്ചത്. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. വീണ്ടും മത്സരിക്കണമെന്നു പാർട്ടി പറഞ്ഞാൽ, പാർട്ടിയെ തീരുമാനം ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി. വ്യക്തിപരമായ തീരുമാനമാണെങ്കിലും പരസ്യമാക്കുന്നതിനു മുൻപ് പാർട്ടിയുമായി ആലോചിച്ചില്ലെന്നതാണ് ജയരാജനു തിരിച്ചടിയാകുന്നത്. 

തുടർച്ചയായി 2 തവണ ജയിച്ചവർക്ക് സിപിഎം ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ ഇളവ് നൽകാതിരുന്നതോടെ ജയരാജനും സീറ്റ് കിട്ടിയില്ല. ഇതിലുള്ള അനിഷ്ടമാണു ജയരാജൻ പ്രകടിപ്പിച്ചതെന്നാണു വിലയിരുത്തൽ. 

Cartoon-JPG

ജയരാജൻ 2 തവണ പ്രതിനിധീകരിച്ച മട്ടന്നൂർ മണ്ഡലത്തിൽ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ.കെ. ശൈലജയാണു സ്ഥാനാർഥി. ഇക്കാര്യത്തിലും ജയരാജന് അതൃപ്തിയുണ്ടെന്നാണു സൂചന.

വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ ജയരാജൻ ആവോളം പുകഴ്ത്തിയെങ്കിലും ഇത് പരിഹാസമാണ് എന്നു വ്യാഖ്യാനിക്കപ്പെട്ടു. സിപിഎം നേതൃത്വത്തിലെ കണ്ണൂർ സംഘത്തിനുള്ളിലെ അസ്വാരസ്യവും ഇതോടെ ചർച്ചയായി. 

∙ ‘ഇ.പി. ജയരാജൻ ഏതോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണത്. കമ്യൂണിസ്റ്റ്കാർക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എന്നാൽ അവസാന തീരുമാനം പാർട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് കമ്യൂണിസ്റ്റ് രീതിയെന്നു മനസ്സിലാക്കിയാൽ മതി’ – മുഖ്യമന്ത്രി പിണറായി വിജയൻ

∙ ‘ഇ.പി. ജയരാജൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പറഞ്ഞ കാര്യം പാർ‍ട്ടി ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യട്ടെ, എന്നിട്ടേ പറയാൻ കഴിയൂ.’ – എസ്.രാമചന്ദ്രൻപിള്ള, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം

English Summary: E.P. Jayarajan-retirement-announcement-followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com