മുഖ്യമന്ത്രിക്കും കിട്ടി വിദേശത്തുനിന്ന് വ്യാജലൈക്ക്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക് പേജിലും ‘ലൈക്ക് അടിക്കാൻ’ ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമുള്ള വ്യാജ പ്രൊഫൈലുകൾ. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക് പോസ്റ്റുകളിൽ വിയറ്റ്നാമിൽ നിന്നുള്ള പ്രൊഫൈലുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് ലൈക്കുകളും വിവാദമായിരിക്കുന്നത്.
വ്യാജ ലൈക്കുകൾക്ക് പ്രതിപക്ഷ നേതാവിനെ പരിഹസിച്ച ഇടതുപക്ഷ പ്രവർത്തകർ പുതിയ വിവാദത്തോടെ വെട്ടിലായി. ഇരട്ടവോട്ട് വിവാദത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാൻ ഇടതു സൈബർ വിങ് നടത്തുന്ന ഒളിപ്പോരാണെന്നും ആക്ഷേപമുണ്ട്. രണ്ടു ദിവസങ്ങളായി മുഖ്യമന്ത്രിയുടെ പേജിൽ വരുന്ന പോസ്റ്റുകൾ ഏറിയ പങ്കും ലൈക്ക് ചെയ്യുന്നത് വ്യാജ പ്രൊഫൈലുകളാണ്.
യഥാർഥ സമൂഹമാധ്യമ അക്കൗണ്ടുകൾക്കു പകരം സോഫ്റ്റ്‍വെയർ സഹായത്തോടെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ആയിരക്കണക്കിനു സോഫ്റ്റ്‍വെയർ റോബട്ട് അക്കൗണ്ടുകളാണിവ.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ പ്രചാരണ കരാർ നേടിയ മുംബൈയിലെ പിആർ ഏജൻസി വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് പിന്തുടരുന്നവരുടെ എണ്ണത്തിൽ കൃത്രിമം കാണിച്ചിരുന്നു.
ആദ്യ ദിവസങ്ങളിൽ സർക്കാർ പദ്ധതി പിന്തുടർന്ന 95 % അക്കൗണ്ടുകളും വ്യാജമായിരുന്നു.
ഈ പിആർ കമ്പനിക്ക് കേരള സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി രൂപയുടെ കരാർ നൽകിയിരുന്നു.