മുഖം പക്വം; വികസനവും സ്ത്രീസുരക്ഷയും ഉയർത്തിക്കാട്ടി രാഷ്ട്രീയ പക്വതയുള്ള പോരാട്ടം
Mail This Article
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അന്തസ്സും പക്വതയുമുള്ള മുഖം - കായംകുളം നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ഇടത് - വലതു മുന്നണികളിലായി മത്സരിക്കുന്നത് സിപിഎമ്മിലെ യു. പ്രതിഭയും കോൺഗ്രസിലെ അരിത ബാബുവും. വികസനമാണ് അവർക്കു പ്രചാരണ വിഷയം, വിവാദങ്ങളല്ല. പരസ്പരം ചെളിവാരി എറിയുന്നില്ല, വ്യക്തിപരമായ അധിക്ഷേപങ്ങളുമില്ല. സ്ഥാനാർഥി എത്തുമ്പോൾ ഓരോ വീട്ടുപടിക്കലും ഇറങ്ങിവന്ന് സ്വീകരിക്കാൻ വയോധികരും സ്ത്രീകളും കുട്ടികളുമാണ് മുൻനിരയിൽ. മൃദുലമായ ചിരിയോടെ, വാക്കുകളോടെ കൈകൂപ്പിയും കരം പിടിച്ചും ഇരുവരും ഓരോരുത്തരോടും സംസാരിക്കുന്നു.
വനിതാ മുഖ്യമന്ത്രി?
കരുത്തുറ്റ സ്ത്രീവ്യക്തിത്വത്തെ നേതൃസ്ഥാനത്തേക്കു കൊണ്ടുവന്ന ചരിത്രമാണ് കായംകുളം മണ്ഡലത്തിന്റേത്. കേരള സംസ്ഥാനം പിറന്ന ശേഷമുള്ള 1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട, കമ്യൂണിസ്റ്റ് പാർട്ടിയിലെ കെ.ഒ. ഐഷാ ബായി ഡപ്യൂട്ടി സ്പീക്കറായി. അതിനു ശേഷം മണ്ഡലത്തിന് ഒരു വനിതാ എംഎൽഎയെ ലഭിച്ചത് 2016ൽ പ്രതിഭ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്.
അക്കാലത്ത് ഐഷാ ബായിക്ക് ആ നേട്ടം ഉണ്ടാക്കാനായെങ്കിൽ ഇപ്പോൾ ഒരു വനിതാ മുഖ്യമന്ത്രിക്കു സമയമായില്ലേ എന്ന ചോദ്യത്തിന് പ്രതിഭ നയം വ്യക്തമാക്കി: ‘‘എന്തിനാണ് വനിതാ മുഖ്യമന്ത്രി? സ്ത്രീകളുടെ പ്രശ്നങ്ങളറിയുന്ന മുഖ്യമന്ത്രി ആയാൽ പോരേ... നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ പോലെ?’’
വനിതാ മുഖ്യമന്ത്രി എന്ന ആശയത്തെ അരിത പിന്തുണയ്ക്കുന്നുണ്ട്. ആദ്യ വനിതാ പ്രധാനമന്ത്രിയെ, ആദ്യ വനിതാ പ്രസിഡന്റിനെ ഒക്കെ ഇന്ത്യയ്ക്കു നൽകിയ കോൺഗ്രസ് താമസമില്ലാതെ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ നൽകുമെന്ന് അരിത പ്രതീക്ഷിക്കുന്നു.
വനിതാ സംവരണം
എന്നാൽ, വനിതാ സംവരണത്തിന്റെ കാര്യത്തിൽ പ്രതിഭയും അരിതയും ഒറ്റക്കെട്ട്. വനിതാ സംവരണ ബിൽ പാസാകുക തന്നെ വേണമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുമ്പോൾ പ്രതിഭ ഇത്രയും കൂട്ടിച്ചേർത്തു, ‘അങ്ങനെ വന്നാൽ കേരളത്തിൽ 50 % സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കപ്പെടുമെന്ന് ഉറപ്പ്’. ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചാൽ അതു നേടിയെടുക്കാൻ നമുക്കു കഴിയുമെന്നാണ് അരിതയുടെ അഭിപ്രായം.
സ്ത്രീസുരക്ഷ
ജയിച്ചു ചെന്നാൽ സഭയിൽ ആദ്യമുന്നയിക്കുന്ന വിഷയം ഏതാകണമെന്ന കാര്യത്തിൽ അരിതയ്ക്ക് തെല്ലുമില്ല സംശയം: സ്ത്രീസുരക്ഷ. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കണ്ണീരിന്, രാഷ്ട്രീയ രക്തസാക്ഷികളുടെ അമ്മമാരുടെ നോവിന് ഉത്തരമാണ് അരിത ആവശ്യപ്പെടുന്നത്. എന്നാൽ, നിലവിലെ നിയമങ്ങളിൽ തികഞ്ഞ വിശ്വാസമുണ്ടെന്ന് പ്രതിഭ പറയുന്നു. ഇടതു ഭരണത്തിൻ കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും സുരക്ഷിതമായ ജീവിതാവസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നു.
വികസനം മുഖ്യം
കായംകുളത്തിന്റെ വികസന വിഷയങ്ങളാണ് ഇരുവരുടെയും മുഖ്യ പ്രചാരണ ആയുധം. കഴിഞ്ഞ 5 വർഷങ്ങളിൽ താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെയും ഇടതു ഭരണത്തിന്റെ മേന്മകളെയും കുറിച്ച് പ്രതിഭ ഊന്നിപ്പറയുന്നു.
21–ാം വയസ്സിൽ ജില്ലാ പഞ്ചായത്ത് അംഗമായ അരിതയാകട്ടെ ആ 5 വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികളും തിരഞ്ഞെടുക്കപ്പെട്ടാൽ ചെയ്യാൻ ലക്ഷ്യമിടുന്ന കാര്യങ്ങളും അക്കമിട്ടു നിരത്തുന്നു.
ആവേശകരമാണ് കായംകുളത്ത് പ്രചാരണം. പ്രതിഭയുടെ എരുവയിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊപ്രാപ്പുരയിൽ തങ്കമ്മയെന്ന എഴുപത്തിമൂന്നുകാരി, സ്ഥാനാർഥിയുടെ കരം ഗ്രഹിച്ചുപറഞ്ഞു, ‘‘നമ്മുടെ കൊച്ചല്ലിയോ ഇത്. നമ്മുടെ പ്രശ്നങ്ങളൊക്കെ പറയാൻ പറ്റുന്ന ഒരാള്... ജയിച്ചുവരട്ടെ.’’
കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിനു മുന്നിൽ അരിതയ്ക്കായി ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് അനുഭാവി ജാനകീഭവനം സതീശൻ ഇതിന്റെ മറുവശവും പറഞ്ഞു, ‘‘15 വർഷം മുൻപ് കൈവിട്ടു പോയ മണ്ഡലമാ... അരിത ഒരു പ്രതീക്ഷയാണ്’’.
അതെ, വികസനത്തിലൂന്നിയുള്ള രാഷ്ട്രീയശൈലി ഒരു പ്രതീക്ഷ തന്നെയാണ്.
എൻഡിഎ സ്ഥാനാർഥി
പി. പ്രദീപ് ലാലാണ് എൻഡിഎ സ്ഥാനാർഥി. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രദീപിന്റെ പ്രചാരണം. സാധാരണക്കാർക്കുള്ള വിവിധ കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് വോട്ടു തേടുന്നത്. ഇടത്– വലതു മുന്നണികളുടെ അതേ ശൈലിയിൽ മാന്യവും വീറുറ്റതുമായ പോരാട്ടമാണ് എൻഡിഎയും കാഴ്ചവയ്ക്കുന്നത്.
English Summary: Kerala assembly elections 2021-Kayamkulam Constituency