അത്ര കൂളല്ല ‘ക്യാപ്റ്റൻ’ കലഹം; മുഖ്യമന്ത്രിക്കെതിരെ പി. ജയരാജന്റെ ഒളിയമ്പ്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനു ചാർത്തിക്കിട്ടിയ ‘ക്യാപ്റ്റൻ’ വിളിപ്പേരിന്റെ പേരിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സിപിഎമ്മിൽ ചേരിതിരിവ്.
‘പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ’ – മുതിർന്ന നേതാവ് പി. ജയരാജൻ തുറന്നടിച്ചു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും കോടിയേരി ബാലകൃഷ്ണനും വിയോജിപ്പു പ്രകടിപ്പിച്ചതിനു പിന്നാലെയുള്ള ജയരാജന്റെ പ്രതികരണം സിപിഎമ്മിൽ വൻചർച്ചയ്ക്കു വഴിതുറന്നു.
എന്നാൽ, വിവാദം മുഖ്യമന്ത്രി തള്ളി. ‘ക്യാപ്റ്റൻ’ എന്ന് ആളുകൾ വിളിക്കുന്നത് അവർക്കുള്ള താൽപര്യം കൊണ്ടാണെന്നു പിണറായി വിജയൻ പ്രതികരിച്ചു. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ മുഖ്യമന്ത്രിയെ പിന്തുണച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നതായി സിപിഎം സംസ്ഥാനകമ്മിറ്റി ആക്ഷേപിച്ച പി. ജയരാജൻ മറുപടിക്കു തിരഞ്ഞെടുത്ത സമയവും നിർണായകം. പ്രത്യക്ഷത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നു എന്ന തോന്നൽ ഉളവാക്കി നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടി തനിക്കു മേൽ നടത്തിയ കുറ്റംചാർത്തലാണ് ജയരാജൻ ഫെയ്സ്ബുക് കുറിപ്പിൽ പൊളിച്ചത്. ‘ചിലർ പാട്ട് എഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റൂ ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കും’ – ജയരാജൻ ഒളിയമ്പെയ്തു. ജയരാജനെ ആരാധിച്ചു ചിലർ പാട്ട് എഴുതിയതും ചിത്രം വച്ചു പോസ്റ്ററുകൾ പതിച്ചതുമെല്ലാം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയശേഷം നിയമസഭാ സ്ഥാനാർഥിയായി ജയരാജനെ പരിഗണിക്കാതിരുന്നതിന്റെ കാരണങ്ങൾ ചർച്ചയാകുമ്പോഴാണ് ഈ പ്രതികരണം.
എന്നാൽ, മുഖ്യമന്ത്രിയെ ‘ക്യാപ്റ്റൻ’ എന്നു വിളിക്കുന്നതിൽ ജനങ്ങളുടെ അംഗീകാരമാണ് പ്രതിഫലിക്കുന്നതെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു.
വ്യക്തികളെ മഹത്വവൽകരിക്കുന്നത് എല്ലാ തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടുണ്ടെന്നും സിപിഎമ്മോ ഇടതുമുന്നണിയോ ഒറ്റയാൾ പട്ടാളമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി നേടിയെടുത്ത അംഗീകാരത്തെ പരമാവധി മുതലെടുക്കാൻ പാർട്ടി ശ്രമിച്ചതായി അദ്ദേഹം വിശദീകരിച്ചു.