ചീഫ് സെക്രട്ടറിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു
Mail This Article
കോഴിക്കോട്∙ മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ എൻഎച്ച് ബൈപാസിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വിമാനത്താവളം ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സെലിൻ വി.പീറ്റർ (55) മരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരിയാണ്. വ്യാഴാഴ്ച വൈകിട്ട് 6.45ന് പന്തീരാങ്കാവ് കൂടത്തംപാറയ്ക്കു സമീപം സെലിൻ ഓടിച്ചിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.മൂന്നു ദിവസം മുൻപായിരുന്നു മകളുടെ ആദ്യ പ്രസവം. മകൾക്കും പേരക്കുട്ടിക്കുമൊപ്പം ആശുപത്രിയിലായിരുന്നു സെലിൻ.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഭക്ഷണവും വസ്ത്രങ്ങളും എടുക്കാൻ രാമനാട്ടുകരയിലെ വീട്ടിലേക്കു പോയിരുന്നു. തുടർന്നു വൈകിട്ട് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലേക്കു തിരികെപ്പോകുമ്പോഴാണ് അപകടം. എതിർദിശയിൽ നിന്നു വന്ന തമിഴ്നാട് റജിസ്ട്രേഷൻ ചരക്കുലോറി നേർക്കുനേർ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തെത്തിയതായിരുന്നു ലോറിയെന്നു ദൃക്സാക്ഷികൾ പറയുന്നു. കാറിൽ സെലിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാരമായി പരുക്കേറ്റ സെലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭർത്താവും വയനാട് സ്വദേശിയുമായ ഒ.വി.മാക്സിസ് കോഴിക്കോട് വിമാനത്താവളം എയർ ട്രാഫിക് കൺട്രോൾ ജോയിന്റ് ജനറൽ മാനേജരാണ്.
മകളും പേരക്കുട്ടിയും കഴിയുന്ന ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.40ന് വയനാട് മേപ്പാടി ഉപ്പുപാറയിലെ വസതിയിലേക്കു കൊണ്ടുപോയി. വൈകിട്ട് തൃക്കൈപ്പറ്റ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തി. മക്കൾ: ഡോ. അനീഷ്യ സെലസ്, പരേതനായ ഡാലിൻ മാക്സിസ്. മരുമകൻ: അരുൺ അലോഷ്യസ്.
English Summary: Sister of Chief Secretary VP Joy Died in Road Accident