10,000 കടന്ന് കോവിഡ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് രണ്ടാം തരംഗത്തിൽ ആദ്യമായി പ്രതിദിന കേസുകൾ 10,000 കടന്നു– 10,031 പേർ. 67,775 സാംപിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റിവിറ്റി നിരക്ക് 14.8 %. കോഴിക്കോട്ട് 1560, എറണാകുളത്ത് 1391 വീതമാണു കേസുകൾ.
സംസ്ഥാനത്തെ മൊത്തം കേസുകൾ 12 ലക്ഷം കടക്കുകയും ചെയ്തു– 12,07,332. ആകെ മരണം 4877 ആയി.
സംസ്ഥാനത്ത് ഒക്ടോബർ 7 നാണ് ആദ്യമായി 10,000 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഒക്ടോബർ 10ന് ആയിരുന്നു – 11,755. അന്നു പക്ഷേ, 7570 പേർ കോവിഡ് മുക്തരായിരുന്നെങ്കിൽ ഇന്നലെ 3792 മാത്രം. അന്നു മരണം 23; ഇന്നലെ 21.
സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 69,868 പേർ. കോവിഡ് ബാധിതരുടെ മറ്റു ജില്ലകളിലെ കണക്ക്: മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർകോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261.
കേസുകൾ ഇരട്ടിയാകാൻ അന്ന് 14 ദിവസം, ഇപ്പോൾ 7 ദിവസം
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 5,000 കടന്നത് കഴിഞ്ഞ സെപ്റ്റംബർ 23നാണ്. 14 ദിവസത്തിനു ശേഷം ഒക്ടോബർ ഏഴിനു 10,000 കടന്നു. രണ്ടാം വ്യാപനത്തിൽ ഈമാസം ഒൻപതിനാണു കേസുകൾ 5000 കടന്നത്. 7 ദിവസം കൊണ്ടു കേസുകൾ ഇരട്ടിയായി.
English Summary: Kerala covid update