പകുതിപ്പേർക്കും ഭക്ഷ്യക്കിറ്റ് കിട്ടിയില്ല; തിരഞ്ഞെടുപ്പിനു പിന്നാലെ താളം തെറ്റി വിതരണം
Mail This Article
തിരുവനന്തപുരം ∙ ഏപ്രിൽ പകുതി പിന്നിട്ടിട്ടും ഈ മാസത്തെ സ്പെഷൽ ഭക്ഷ്യക്കിറ്റ് റേഷൻ കാർഡ് ഉടമകളിൽ പകുതിപ്പേർക്കു പോലും ലഭിച്ചില്ല. ആകെയുള്ള 90.21 ലക്ഷം കാർഡ് ഉടമകളിൽ 31.18 ലക്ഷം പേർ ഇന്നലെ വൈകിട്ടു 7 മണി വരെയുള്ള കണക്കുകൾ പ്രകാരം കിറ്റ് വാങ്ങി. ഇനി വിതരണം ചെയ്യാനുള്ളത് 59 ലക്ഷത്തിൽപരം കാർഡ് ഉടമകൾക്ക്.
മുഴുവൻ കിറ്റുകളും ഈ മാസം തന്നെ വിതരണം പൂർത്തിയാക്കുമെന്നാണ് സപ്ലൈകോയുടെ നിലപാട്. തിരഞ്ഞെടുപ്പിനു ശേഷം കിറ്റ് വിതരണം താളം തെറ്റിയിരുന്നു. ഈസ്റ്റർ– വിഷു ആഘോഷങ്ങൾ കഴിഞ്ഞതോടെ വിതരണം നിർത്തിയെന്നും പ്രചാരണമുണ്ടായി.
എന്നാൽ, ജീവനക്കാർ പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പോയതിനാൽ കിറ്റ് നിറയ്ക്കാൻ താമസം നേരിട്ടതല്ലാതെ മറ്റു പ്രശ്നങ്ങളില്ലെന്നു സപ്ലൈകോ വ്യക്തമാക്കി. കിറ്റ് തയാറാക്കാനുള്ള മുഴുവൻ പണവും സപ്ലൈകോയ്ക്കു നേരത്തേ കൈമാറിയിട്ടുണ്ടെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പും അറിയിച്ചു.
അതേസമയം, മുൻഗണന ഇതര വിഭാഗത്തിലെ 50 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്കുള്ള 10 കിലോ സ്പെഷൽ അരിയുടെ വിതരണം മെല്ലെപ്പോക്കിലാണ്. ഈ അരി ഇതുവരെ 11.27 ലക്ഷം പേർ വാങ്ങിയതായാണു കണക്ക്.
English Summary: Kerala special kit distribution