ADVERTISEMENT

തിരുവനന്തപുരം ∙ അഗ്നിശുദ്ധി വരുത്താൻ ഹൈക്കോടതിയിൽ പോയ മുൻ മന്ത്രി കെ.ടി.ജലീൽ മടങ്ങുന്നതു വിജിലൻസ് അന്വേഷണമെന്ന തീച്ചൂളയിലേക്ക്. മുഖ്യമന്ത്രിയെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതു ചോദിച്ചു വാങ്ങിയ പ്രഹരമായി.

ലോകായുക്ത ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള ജലീലിന്റെ വാദം തന്നെയാണു സംസ്ഥാന സർക്കാരും കോടതിയിൽ പറഞ്ഞത്. അഡ്വക്കറ്റ് ജനറൽ നിയമോപദേശവും നൽകിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി തള്ളിയാൽ പോലും ചെയ്ത കാര്യം കോടതി അഴിമതിയുടെ ഗണത്തിൽ പെടുത്തുമെന്നു ജലീലും സർക്കാരും കരുതിയില്ല. ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാൽ കോടതിയിൽ സർക്കാർ അഭിഭാഷകനു മറിച്ചൊരു നിലപാട് എടുക്കാനും കഴിഞ്ഞില്ല. ആരോപിതമായ കുറ്റം നേരത്തേ ഹൈക്കോടതി തള്ളിയതാണെന്ന ജലീലിന്റെ മുൻ വാദവും പൊളിഞ്ഞു. ഹർജി കോടതി തള്ളുമെന്ന ആശങ്കയിൽ തന്നെയാണ് ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത്. 

അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജന പക്ഷപാതവും സത്യപ്രതിജ്‍‍‍ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തൽ. അതു ശരിവയ്ക്കുകയും അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ജലീലിനെതിരെ ഇനി വിജിലൻസ് അന്വേഷണം വരുമോയെന്നാണു കാണേണ്ടത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യുമെന്നാണു ഈ അഴിമതി പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് പ്രതികരിച്ചത്. മാത്രമല്ല, കേസിലെ തുടർനടപടിയെന്ന നിലയിൽ ലോകായുക്ത നിയമത്തിലെ വകുപ്പ് 15 പ്രകാരം പരാതിക്കാരനു ജലീലിനെതിരെ പ്രോസിക്യൂഷൻ നടപടിക്കു ലോകായുക്തയെ സമീപിക്കാനുമാവും.

ഹൈക്കോടതി വിധിക്കെതിരെ ജലീൽ അപ്പീൽ നൽകാനുള്ള സാധ്യത കുറവാണ്. സുപ്രീംകോടതിയെ സമീപിക്കുന്നതിനോടു സിപിഎമ്മിനും യോജിപ്പില്ല. ക്രമക്കേടു തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന ജലീലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന്റെ തുടർ നടപടിയും ആകാക്ഷയോടെയാണു പലരും കാത്തിരിക്കുന്നത്.

പ്രസക്തിയില്ലെന്ന് വിജയരാഘവൻ

തിരുവനന്തപുരം ∙ ജലീൽ രാജിവച്ച സാഹചര്യത്തിൽ‍ ബന്ധുനിയമന വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

മാപ്പു പറയണം:വി.കെ.എം.ഷാഫി

മലപ്പുറം ∙ ബന്ധുനിയമന വിഷയം ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്ന് പറഞ്ഞ് ഇത്രയും നാൾ കേരളീയസമൂഹത്തെ കബളിപ്പിച്ചതിന് കെ.ടി. ജലീൽ മാപ്പു പറയണമെന്ന് ലോകായുക്ത കേസിലെ പരാതിക്കാരനും യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗവുമായ വി.കെ.എം. ഷാഫി പറഞ്ഞു. ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ചതോടെ ജലീലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും ഷാഫി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com