കേരളത്തിലെ ആദ്യ ഇ–മെയിൽ ഇന്റർനെറ്റിന് വഴിതുറന്ന ഇടയൻ; ശാസ്ത്രത്തെ സ്നേഹിച്ച ദീർഘദർശി
Mail This Article
പത്തനംതിട്ട∙ ജനമനസ്സിൽ ഭാഗ്യസ്മരണയായി മാറുമ്പോഴും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സംഭാവനകൾ പലതും പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ. കാൽ നൂറ്റാണ്ടു മുൻപാണ്. ഇന്റർനെറ്റ് എന്നൊരു സംവിധാനത്തെപ്പറ്റി കേരളം കേട്ടുതുടങ്ങിയ നാളുകൾ. മാർ ക്രിസോസ്റ്റം അന്ന് മെത്രാപ്പൊലീത്ത സ്ഥാനത്ത് എത്തിയിട്ടില്ല. ഡോ. യൂയാക്കിം മാർ കൂറിലോസിന് അന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളജുമായി ബന്ധപ്പെട്ട ചുമതലകളുണ്ട്.
പുണെ ആസ്ഥാനമായ രാജ്യാന്തര ജ്യോതിശാസ്ത്ര പഠന കേന്ദ്രവുമായി (അയൂക്ക) ബന്ധപ്പെട്ട് അന്ന് ഗവേഷണം നടത്തുകയായിരുന്നു കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപകരായിരുന്ന ഡോ. മോൻസി വി. ജോൺ, ഡോ. നൈനാൻ സജിത് ഫിലിപ്പ് എന്നിവർ. അവരുടെ മനസ്സിൽ ഒരാശയം കത്തി. കോളജിന് ഒരു ഇന്റർനെറ്റ് കണക്‌ഷൻ എടുത്താൽ ജ്യോതിശാസ്ത്ര സംബന്ധമായ ഗവേഷണങ്ങൾക്ക് എളുപ്പമായിരുന്നു. അന്ന് ദക്ഷിണേന്ത്യയിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാത്രമാണ് നെറ്റ് ഉള്ളത്. അവിടെ നിന്ന് കണക്‌ഷൻ നൽകാമെന്ന് അയൂക്ക മേധാവിയും പ്രശസ്ത ജ്യോതിശാസ്ത്ര ഗവേഷകനുമായ ഡോ.അജിത് കെംബാവെ സമ്മതിച്ചു. പക്ഷേ അനുമതിയും പണവും വേണം.
ഇതെപ്പറ്റി കേട്ടറിഞ്ഞ മാർ ക്രിസോസ്റ്റം വിഷയത്തിൽ ഇടപെട്ടു. ആശയവിനിമയ രംഗത്ത് വലിയ വിപ്ലവം നടക്കാൻ പോവുകയാണ്. ലോകം ഒരു ഗ്രാമമാകും. അതിനാൽ കോഴഞ്ചേരി കോളജിൽ നെറ്റ് എടുക്കാൻ അനുമതി നൽകണമെന്ന് മാർ ക്രിസോസ്റ്റം നിർദേശിച്ചു. കോളജിലെ ഒരു ഫോൺ കണക്‌ഷൻ ഇതിനായി മാറ്റിവയ്ക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. കേരളത്തിലെ ആദ്യ ഇ–മെയിൽ ഇന്റർനെറ്റ് അങ്ങനെ കോഴഞ്ചേരി കോളജിൽ സ്ഥാപിതമായി. പിന്നീടു വരുന്നതു തിരുവനന്തപുരം ഒബ്സർവേറ്ററിയിൽ.
അജിത് കെംബാവെയെ ഇത് അത്ഭുതപ്പെട്ടുത്തി. ശാസ്ത്ര സംബന്ധമായ പുതിയൊരു കാൽവയ്പ്പിന് അനുകൂലമായ ഒരു തീരുമാനം എടുക്കാൻ രണ്ടു ബിഷപുമാർ തയാറാവുന്നത് അപൂർവമായിരുന്നു. ചരൽക്കുന്നിൽ നടന്ന രാജ്യാന്തര ജ്യോതിശാസ്ത്ര സെമിനാറിനു ശേഷം മാര്‍ ക്രിസോസ്റ്റത്തെ കാണമെന്ന് കെംബാവെയ്ക്ക് താൽപ്പര്യം. അതൊരു ദീർഘബന്ധമായി വളര്‍ന്നു. 2015 ൽ കോട്ടയം സിഎംഎസ് കോളജിൽ നടന്ന രാജ്യാന്തര ജ്യോതിശാസ്ത്ര സംഗമം ഉദ്ഘാടനം ചെയ്തത് മാർ ക്രിസോസ്റ്റമായിരുന്നു.
ഓരോ തവണ കേരളത്തിൽ വരുമ്പോഴും മാർ ക്രിസോസ്റ്റത്തെ കാണാൻ കെംബാവെ പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. ഇനി വരുമ്പോൾ തീർച്ചയയായും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന സമയത്താണ് ശാസ്ത്രത്തെയും സ്നേഹിച്ച വലിയ ഇടയൻ ഓർമയായത്. തെള്ളിയൂരിൽ ഗവേഷണകേന്ദ്രം നടത്തുന്ന ഡോ. നൈനാൻ സജിത് ഫിലിപ്പാണ് വിയോഗ വാർത്ത പുണെയിൽ വിശ്രമ ജീവിതം നയിക്കുന്ന കെംബാവെയെ അറിയിച്ചത്. ഉള്ളിൽ ശാസ്ത്രബോധം സൂക്ഷിക്കുകയും സമൂഹത്തിനു വെളിച്ചം പകരാൻ ശാസ്ത്ര ഗവേഷണത്തെ ഉപയോഗിക്കണമെന്നു വാദിക്കയും ചെയ്ത മതാചാര്യനെയാണ് രാജ്യത്തിനു നഷ്ടമായതെന്ന് കെംബാവെ അനുസ്മരിച്ചു.
മാരാമണ്ണും ചെറുകോൽപ്പുഴയിലും പ്രസംഗിച്ച ഒരേ ഒരാൾ
പത്തനംതിട്ട ∙ മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകൾ നടക്കുന്ന മണൽപ്പുറങ്ങൾ തമ്മിൽ പമ്പാനദിയിലൂടെ സഞ്ചരിച്ചാൽ 3 കിലോമീറ്റർ പോലും ദൂരമില്ല. പക്ഷേ അവിടെ നടക്കുന്ന പ്രസംഗങ്ങൾ വ്യത്യസ്ഥമാണ്. എന്നാൽ രണ്ടിടത്തും പ്രസംഗകനാകാൻ കഴിഞ്ഞത് ഒരാൾക്കു മാത്രം. മാരാമൺ കൺവൻഷനിൽ 65 തവണ പ്രസംഗനായ ക്രിസോസ്റ്റം 2012 ൽ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി സമ്മേളനത്തിലാണ് പ്രസംഗകനായെത്തുന്നത്. ആ വർഷം വെള്ളിയാഴ്ച നടന്ന ആചാര്യ അനുസ്മരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷകനായിരുന്നു മാർ ക്രിസോസ്റ്റം.
English Summary: Remembering Dr. Philipose Mar Chrysostom