ADVERTISEMENT

കൊച്ചി∙ കോവിഡ് തീവ്ര വ്യാപനം മൂലം ആഭ്യന്തര ഉപയോഗം കുതിക്കുന്നതിനിടെ സംസ്ഥാനത്തു ദ്രവ മെഡിക്കൽ ഓക്സിജനു വീണ്ടും വൻ വില വർധന. 34 ദിവസത്തിനിടെ രണ്ടാമത്തെ വില വർധനയാണിത്. ക്യുബിക് മീറ്ററിന് 6–8 രൂപ വരെയാണു കൂട്ടിയത്. ഇതോടെ ഒരു ക്യുബിക് മീറ്റർ ദ്രവ ഓക്സിജന്റെ വില 26–28 രൂപ വരെയായി ഉയർന്നു. നികുതി ഉൾപ്പെടാതെയാണിത്. ഏപ്രിൽ 17നും ദ്രവ ഓക്സിജന് 6–8 രൂപ വർധിപ്പിച്ചിരുന്നു.

സംസ്ഥാനത്തു സ്വകാര്യ മേഖലയിലുള്ള ഏക ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ഉത്പാദകരായ പാലക്കാട് കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ട്സിന്റെ, വിതരണാവകാശമുള്ള സതേൺ എയർ പ്രോഡക്ട്സാണു വില കൂട്ടുന്ന വിവരം ചെറുകിട, മൊത്ത വിതരണക്കാരെ ഫോണിലൂടെ അറിയിച്ചത്. 

രേഖാമൂലമുള്ള അറിയിപ്പ് ഉടൻ നൽകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഈ മാസം 12 മുതൽ മുൻകാല പ്രാബല്യത്തോടെയാണു വില വർധനയെന്നാണു കമ്പനിയുടെ അറിയിപ്പ്.നിലവിൽ ഐനോക്സ് പ്ലാന്റിൽ നിന്നുള്ള ഓക്സിജൻ വിതരണം സർക്കാർ മേൽനോട്ടത്തിലാണ്. 

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമത്തിനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് വിതരണ മേൽനോട്ടം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേന്ദ്രീകൃത വാർ റൂം രൂപീകരിച്ച് ഏകോപിപ്പിച്ചത്. സർക്കാർ പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥൻ എല്ലാ ദിവസവും കഞ്ചിക്കോട്ടെ പ്ലാന്റിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. 

രണ്ടാം ഓക്സിജൻ ട്രെയിൻ എത്തി

കൊച്ചി∙ കേരളത്തിനുള്ള ഓക്സിജനുമായി രണ്ടാമത്തെ ട്രെയിൻ ഇന്നു പുലർച്ചെ വല്ലാർപാടം െടർമിനലിൽ എത്തി. ഒഡീഷയിലെ റൂർക്കലയിൽ നിന്നു 7 ക്രയോജനിക് കണ്ടെയ്നറുകളിലായി 128.66 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനാണ് എത്തിച്ചത്. 

റോഡ് മാർഗം ഇന്നു വിവിധ ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. 16ന് 118 മെട്രിക് ടൺ ഓക്സിജൻ ട്രെയിൻ വഴി എത്തിച്ചിരുന്നു. റെയിൽ മാർഗം രാജ്യത്തു ഇതുവരെ 13,319 മെട്രിക് ടൺ ഓക്സിജനാണു വിവിധ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്തത്.

English Summary: Oxygen price hiked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com