ADVERTISEMENT

തിരുവനന്തപുരം∙ബിജെപി ബാന്ധവത്തെച്ചൊല്ലി നിയമസഭയിൽ ഭരണ,പ്രതിപക്ഷങ്ങൾ  കൊമ്പു കോർത്തു.ബിജെപിയുടെ വളർച്ചയ്ക്കു രാജ്യത്തു കളമൊരുക്കിയതു കോൺഗ്രസ് ആണെന്നു ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ച കെ.കെ.ശൈലജ ആരോപിച്ചതിനു  പിന്നാലെയാണു  ചില മണ്ഡലങ്ങളുടെ പേരെടുത്തു പറഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ ബിജെപി ബാന്ധവ ആരോപണത്തിനു തുടക്കമിട്ടത്. 

പത്തോളം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിനു മറിച്ചെന്ന ആരോപണവുമായി ഭരണപക്ഷം ഇതിനെ നേരിട്ടു. നാദാപുരത്തും തവനൂരിലും അടൂരിലുമടക്കം എൻഡിഎ വോട്ട് എൽഡിഎഫിനു ലഭിച്ചെന്നു തിരുവഞ്ചൂർ ആരോപിച്ചു. മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതി. എൽഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്ന കണക്കുകൾ ഇവിടെയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.

പനച്ചിക്കാട് സേവാഭാരതി ആസ്ഥാനം സന്ദർശിക്കുന്നയാളാണു തിരുവഞ്ചൂരെന്നു  ചിത്രം എടുത്തു കാട്ടി സി.എച്ച്. കുഞ്ഞമ്പു ആരോപിച്ചു. തൃപ്പൂണിത്തുറയിലെയും കുണ്ടറയിലെയും പാലായിലെയും ബിജെപി വോട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. 

തന്റെ മണ്ഡലത്തിലെ പനച്ചിക്കാട് ക്ഷേത്രത്തിൽ പോകാറുണ്ടെന്നും അവിടെ ഒട്ടുമിക്ക മാർക്സിസ്റ്റ് നേതാക്കളെയും കാണാറുണ്ടെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു. കുഞ്ഞുങ്ങളെ അക്ഷരമെഴുതിക്കുന്ന സ്ഥലമാണത്. താൻ ഊട്ടുപുരയിൽ കയറി ഗോൾവാൾക്കറുമായി ചർച്ച നടത്തിയെന്നുവരെ പ്രചരിപ്പിച്ചെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇടതു തുടർഭരണമെന്നതു സംഘപരിവാറിന്റെ ആഗ്രഹമായിരുന്നുവെന്ന് എൻ.ഷംസുദ്ദീൻ  ആരോപിച്ചു. പിണറായി ഭരണം തുടരണമെന്നാണു തിരഞ്ഞെടുപ്പിനു മുൻപു നടന്ന ആർഎസ്എസ് പഠന ശിബിരത്തിൽ പറഞ്ഞത്. 60 മണ്ഡലങ്ങളിൽ ബിജെപി വോട്ട് കാണാനില്ല. അവരുടെ നാലര ലക്ഷത്തോളം വോട്ടാണ് കാണാതായത്. അതെങ്ങോട്ടു പോയെന്നു വ്യക്തമാണ്. യഥാർഥത്തിൽ ബിജെപിയെ ത‌ടഞ്ഞതു മഞ്ചേശ്വരത്തു ലീഗും നേമം, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ കോൺഗ്രസുമാണെന്നു ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

ബിജെപി സഹായം ഇല്ലായിരുന്നുവെങ്കിൽ 10 സീറ്റ് കൂടി യുഡിഎഫിനു കുറയുമായിരുന്നുവെന്ന് ഡി.കെ. മുരളി, മാത്യു.ടി.തോമസ് എന്നിവർ പറഞ്ഞു. നേമത്തു ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുത്തത് 2016ൽ യുഡിഎഫാണെന്ന്  യു.പ്രതിഭ കുറ്റപ്പെടുത്തി. ബിജെപി,യുഡിഎഫ് ധാരണ കാരണം 10 സീറ്റ് എൽഡിഎഫിന് കുറഞ്ഞതിന് എപ്പോഴെങ്കിലും കണക്കു പറയേണ്ടിവരുമെന്ന് ഇ.കെ.വിജയൻ അഭിപ്രായപ്പെട്ടു.ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ശക്തികളുമായുള്ള വോട്ടുകച്ചവടവും പിആർ വർക്കുമാണ് എൽഡിഎഫിനെ സഹായിച്ചതെന്നു കന്നി പ്രസംഗത്തിൽ ടി.സിദ്ദിഖ് ആരോപിച്ചു.  ജവാഹർലാൽ നെഹ്റുവിനെയും എകെജിയെയും ഉദ്ധരിക്കാനും അദ്ദേഹം മറന്നില്ല. 

തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടിന്റെ പിൻബലത്തിലാണു കെ. ബാബു ജയിച്ചതെന്ന സി.എച്ച്. കുഞ്ഞമ്പുവിന്റെയും എം.നൗഷാദിന്റെയും ആരോപണത്തിനെതിരെ ബാബു രംഗത്തെത്തിയതു തർക്കത്തിനിടയാക്കി. 2011 മുതലുള്ള  തൃപ്പൂണിത്തുറയിലെ ബിജെപി വോട്ടും എൽഡിഎഫിലെ വൻ നേതാക്കളെ താൻ പരാജയപ്പെടുത്തിയ കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, ഡോ.എൻ.ജയരാജ്, അനൂപ് ജേക്കബ്, പി.വി.അൻവർ, പി.കെ.ബഷീർ, കെ.ആൻസലൻ, പി.ടി.തോമസ്, എ.എൻ.ഷംസീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com