‘റോജി അഗസ്റ്റിൻ ഫോണിൽ വിളിച്ചു, വന്നു കണ്ടു’
Mail This Article
തിരുവനന്തപുരം ∙ വയനാട് മുട്ടിൽ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിൻ ഫോണിൽ വിളിച്ചതിനു പുറമേ ഓഫിസിൽ വന്നു കാണുകയും ചെയ്തതായി കെ. രാജു വനംമന്ത്രി ആയിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ സ്ഥിരീകരിച്ചു.
സ്വന്തം തോട്ടത്തിൽ നിന്നു നിയമവിധേയമായി മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ വനം ഉദ്യോഗസ്ഥർ അനുമതി നൽകുന്നില്ലെന്നു പരാതിപ്പെട്ടതിനൊപ്പം സ്ഥലം ഡിഎഫ്ഒയെ മാറ്റാനും റോജി സമ്മർദം ചെലുത്തിയതായി ശ്രീകുമാർ വെളിപ്പെടുത്തി.
മരംമുറിക്കു കാരണമായ ഉത്തരവു റദ്ദാക്കിയതിന്റെ അടുത്ത ദിവസവും പിന്നീടു പലപ്പോഴായും മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ ഇന്നലെ മലയാള മനോരമ വാർത്തയിലൂടെയാണു പുറത്തായത്. ഫെബ്രുവരി 3 ന് മന്ത്രിയുടെ ഓഫിസിൽ നിന്നു വിളിയെത്തിയതിനു പിന്നാലെയാണ് പ്രതികൾ ഒരു ലോഡ് ഈട്ടിത്തടി വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലൂടെ പരിശോധനയില്ലാതെ എറണാകുളത്തേക്കു കടത്തിയത്. ഇതു സംബന്ധിച്ചാണ് അന്നു പ്രതിയെ വിളിച്ച ശ്രീകുമാറിന്റെ പ്രതികരണം.
മരങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകുന്നില്ലെന്നു പരാതിപ്പെട്ടപ്പോൾ മതിയായ കാരണമുള്ളതു കൊണ്ടാവാം അതെന്നും ഇടപെടാനാകില്ലെന്നുമാണു മറുപടി നൽകിയത്. അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നും പറഞ്ഞു. ഡിഎഫ്ഒയെ മാറ്റാൻ പല വഴിക്കും സമ്മർദമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുകയാണു സർക്കാർ ചെയ്തത്.
പട്ടയഭൂമിയിലെ മരം മുറിക്ക് അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചതിന്റെ അടുത്ത ദിവസം പ്രതിയെ താൻ ഫോൺ വിളിച്ചതു സംബന്ധിച്ച് ആരോപണം ഉയരുന്നതു സ്വാഭാവികമാണ്. മിസ്ഡ് കാൾ കണ്ടിട്ടാവും തിരിച്ചു വിളിച്ചത്. എന്നാൽ ഉത്തരവു റദ്ദാക്കിയെന്ന കാര്യം അപ്പോൾ അറിയില്ലായിരുന്നു. റവന്യു വകുപ്പാണ് റദ്ദാക്കിയത്. പ്രതികൾക്ക് അത് അറിയാമായിരുന്നതു കൊണ്ടാവും സഹായം പ്രതീക്ഷിച്ച് വിളിച്ചത്. എന്നാൽ അവരെ സഹായിച്ചിട്ടില്ല. പിന്നീടും വിളിച്ചിട്ടുണ്ടാവാം.
താൻ സഹായിക്കാത്തതിനാൽ വേറെ പലരെയും സമീപിച്ചിട്ടുണ്ടാവാം. മന്ത്രിയെ സമീപിച്ചിരുന്നോ എന്നറിയില്ല. വീണ്ടും സന്ദർശനത്തിനു റോജിയുടെ സഹായി വഴി അവസരം ചോദിച്ചെങ്കിലും ഇനി വരേണ്ട എന്നു കർശനമായി പറഞ്ഞ് ഒഴിവാക്കി.
ആ കാലത്ത് സർക്കാർ സിം ആണ് ഉപയോഗിച്ചിരുന്നത്. അതു പരസ്യമായ നമ്പറാണ്. ഒരുപാടു പേർ അതിൽ വിളിക്കാറുണ്ട്. മന്ത്രിയുടെ ഓഫിസ് വിട്ടതോടെ ആ സിം തിരികെ നൽകി.
അതിനാൽ അതിലെ വിളികളുടെ വിശദാംശങ്ങളും ഇപ്പോൾ അറിയില്ല. മരംമുറി കേസിലെ പ്രതികളെ അന്നേരം അറിയില്ലായിരുന്നു. പലരും ഓഫിസിൽ വരും പോലെ മറ്റൊരാൾ വഴി അനുമതിയെടുത്താണു വന്നത്. കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു. ചാനൽ ഉടമയാണെന്നൊക്കെ കൂടെയുള്ളവർ പരിചയപ്പെടുത്തി. വിവാദമായി പ്രതികളുടെ ചിത്രം മാധ്യമങ്ങളിൽ വന്നതോടെയാണു പ്രതിയായ റോജി അഗസ്റ്റിനെ മനസ്സിലായതെന്നും ശ്രീകുമാർ പറഞ്ഞു.
എന്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നോ എന്നറിയില്ല: രാജു
തിരുവനന്തപുരം ∙ വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ തന്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നോ എന്നറിയില്ലെന്നു മുൻ വനം മന്ത്രി കെ.രാജു അറിയിച്ചു.
‘മന്ത്രിയുടെ ഓഫിസിലേക്കു സാധാരണ പലരും വിളിക്കാറുണ്ട്. പ്രതികൾ വിളിച്ചിരുന്നോ, അവരോടു പ്രതികരിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ജി. ശ്രീകുമാറിനേ അക്കാര്യം അറിയൂ’– രാജു പറഞ്ഞു.
English Summary: Muttil tree-felling; Accused Roji Augustine called staff of former forest minister