കൊച്ചിയിൽ ബിസിനസ് തുടങ്ങാം, പോർട്ട് ട്രസ്റ്റ് സ്ഥലം തരും;നീക്കിവയ്ക്കുന്നത് 27.79 ഏക്കർ സ്ഥലവും കെട്ടിടങ്ങളും
Mail This Article
കൊച്ചി ∙ പൊന്നും വിലയുള്ള കൊച്ചിയിൽ സ്വന്തം ബിസിനസ് തുടങ്ങാൻ നിക്ഷേപകരെ ക്ഷണിക്കുകയാണു കൊച്ചി പോർട്ട് ട്രസ്റ്റ്. വില്ലിങ്ഡൺ ദ്വീപ്, പുതുവൈപ്പ്, വല്ലാർപാടം എന്നിവിടങ്ങളിൽ സംരംഭകർക്കായി പോർട്ട് ട്രസ്റ്റ് നീക്കിവയ്ക്കുന്നത് 27.79 ഏക്കർ സ്ഥലവും ഏതാനും കെട്ടിടങ്ങളും. പാട്ടക്കാലാവധി 30 വർഷം.
ഐലൻഡിൽ ഹോസ്പിറ്റാലിറ്റി
വില്ലിങ്ഡൺ ദ്വീപിന്റെ മനോഹാരിതയിൽ, പൗരാണിക ഭംഗിയുള്ള മന്ദിരത്തിൽ ഒരു ഐടി കമ്പനി ഓഫിസ് ആരംഭിച്ചാലോ! അല്ലെങ്കിലൊരു ഹോസ്പിറ്റാലിറ്റി സംരംഭം? പോർട്ട് ട്രസ്റ്റ് ആസ്ഥാനത്തിനു സമീപം 0.67 ഏക്കർ സ്ഥലവും മന്ദിരവും തയാർ. ഐലൻഡിൽ തന്നെ ബൾക്ക് സിമന്റ് ബാഗിങ് ടെർമിനൽ പോലുള്ള പദ്ധതികൾക്ക് അനുയോജ്യമായ 4.39 ഏക്കർ സ്ഥലവും ലഭ്യമാണ്. ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനു സമീപം വെയർഹൗസുകളും ഹോസ്പിറ്റാലിറ്റി സംരംഭങ്ങളും ആരംഭിക്കാൻ കഴിയുന്ന 4 പ്ലോട്ടുകളുണ്ട്; ആകെ വിസ്തൃതി 6.78 ഏക്കർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും യോജിച്ച ഒരേക്കർ സ്ഥലവും കെട്ടിടവും ടെർമിനസ് സ്റ്റേഷനു സമീപം ലഭ്യം. ദേശീയപാതയിൽ പുതിയ മട്ടാഞ്ചേരി പാലം ജംക്‌ഷനു സമീപം കമേഴ്സ്യൽ കോംപ്ലക്സുകൾ, ഹോട്ടൽ, റസ്റ്ററന്റ്, ഷോപ്പുകൾ, വർക് ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾ എന്നിവയ്ക്കു യോജിച്ച 0.45 ഏക്കർ സ്ഥലവും പോർട്ട് ട്രസ്റ്റ് പാട്ടത്തിനു നൽകും.
വെയർഹൗസുകൾ
പുതുവൈപ്പ് പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) ക്രയോജനിക് വെയർഹൗസ് സ്ഥാപിക്കാൻ കഴിയുന്ന 3 ഏക്കർ സ്ഥലം നിക്ഷേപകർക്കു ലഭ്യമാകും. വല്ലാർപാടത്തു 3 പ്ലോട്ടുകളാണു പാട്ടത്തിനു ലഭിക്കുക. ആകെ 11.5 ഏക്കർ. വെയർഹൗസുകൾ, സംസ്കരണ യൂണിറ്റുകൾ, ഡിപ്പോകൾ, ട്രക്ക് പാർക്കിങ് ടെർമിനൽ തുടങ്ങിയവയ്ക്കു യോജിച്ച സ്ഥലം. പാട്ടത്തിനെടുക്കുന്ന സംരംഭകർക്കു ഫ്യുവൽ സ്റ്റേഷൻ, ഹോട്ടൽ, റസ്റ്ററന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കഴിയും.
English Summary: Cochin port trust invitation to start business in Kochi