ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വ‍ദേശ് ദർശൻ പദ്ധതി പ്രകാരം ആരംഭിച്ച ശബരിമല–എരുമേലി–പമ്പ–സന്നിധാനം പൈതൃക ടൂറിസം പദ്ധതി 5 വർഷമായി ഇഴയുന്നു. 2016-’17 ന് ശേഷം പദ്ധതിക്കായി കേന്ദ്ര ഫണ്ട് അനുവദിച്ചിട്ടില്ലെന്നും 15.35% മാത്രമാണു പ‍ദ്ധതി‍യുടെ പു‍ര‍ോഗതിയെന്നും വിവരാവകാശ രേഖകൾ.

ശബരിമല വികസനം ലക്ഷ്യമിട്ട് 99.98 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ ഭരണാനുമതി നൽകിയത്. 2016–17 ൽ ആരംഭിച്ച പദ്ധതിക്കായി ഇതുവരെ കേരളത്തിന് 19.99 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നു 

വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്കു കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു. 19.70 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്രത്തിനു കേരള സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, ശ്രീപ‍ത്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതിക്കു കേന്ദ്ര സർക്കാർ 92.21 കോടിയുടെ അനുമതി നൽകിയതിൽ 73.77 കോടി രൂപ ഇതിനകം അനുവദിച്ചു. 58.76 കോടിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചു. 82% ആണ് ഈ പദ്ധതിയുടെ പുരോഗതി. ടൂറിസം സാധ്യതയുള്ള സർക്യൂട്ടുകളുടെ വികസനം, രാജ്യത്തിന്റെ സാംസ്കാരിക പൈതൃക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് സ്വ‍ദേശ് ദർശൻ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

സ്വദേശ് ദർശൻ: കേരളത്തിന് 5 പദ്ധതികൾ

സ്വ‍ദേശ് ദർശൻ പദ്ധതി പ്രകാരം 2014 മുതൽ 2021 മാർച്ച് വരെയായി കേരളത്തിന് 5 പദ്ധതികൾക്കാണു കേന്ദ്ര ഭരണാനുമതി ലഭിച്ചത്. ഗവി–വാഗമൺ–തേക്കടി ഇക്കോ ടൂറിസം സർക്യൂട്ട് , ശബരിമല–എരുമേലി–പമ്പ–സന്നിധാനം പൈതൃക ടൂറിസം പദ്ധതി, ശ്രീപ‍ത്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതി, മലനാട് മലബാർ ക്രൂസ് ടൂറിസം സർക്യൂട്ട് , ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം പൈതൃക സർക്യൂട്ട് എന്നിവയാണ് പദ്ധതികൾ. ഇതിനു പുറമേ സംസ്ഥാനത്തെ 133 ആത്മീയ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന(സ്പിരിച്വൽ ടൂറിസം സർക്യൂട്ട്) പദ്ധതിയും സ്വ‍ദേശ് ദർശൻ പ്രകാരം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട–ഗവി–വാഗമൺ–തേക്കടി സർക്യൂട്ട് മാത്രമാണ് 100% പുരോഗതി കൈവരിച്ചത്. മലനാട് മലബാർ ക്രൂയിസ് ടൂറിസം സർക്യൂട്ട് പദ്ധതിക്ക് 8.56% പുരോഗതിയുണ്ട്. ‍സ്പിരിച്വൽ ടൂറിസം സർക്യൂട്ടിനായി 85.23 കോടിയുടെ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണായുധമായിട്ടും ശബരിമല വികസനത്തിനു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

English Summary: No fund, delay in Sabarimala tourism project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com