അമ്മയോടൊപ്പമല്ലാതെ യുവാവ് വീട്ടിൽ പാർപ്പിച്ചിരുന്ന കുഞ്ഞിനെ ഏറ്റെടുത്തു
Mail This Article
തിരുവല്ല∙ നവജാത ശിശുവുമായി വീട്ടിൽ എത്തിയ യുവാവിനെതിരെ മാതാവും സഹോദരിയും പൊലീസിൽ പരാതി നൽകി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തണമെന്ന പരാതിയെ തുടർന്നു കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28ന് ആണ് ആൺകുഞ്ഞ് ജനിച്ചത്. 31ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പെരുമ്പെട്ടി സ്വദേശിയായ യുവാവ് ഈ കുഞ്ഞിനെ ഏറ്റെടുത്തു സ്വന്തം വീട്ടിൽ എത്തിച്ചു.
കുഞ്ഞിന്റെ അമ്മയും യുവാവും തമ്മിൽ ബന്ധമുണ്ടായിരുന്നതായും ഈ ബന്ധത്തിലുള്ളതാണ് കുഞ്ഞെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ഇല്ല. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും. കുഞ്ഞിന്റെ മാതാവിനു ഭർത്താവും മറ്റൊരു കുട്ടിയും ഉണ്ട്. ഇവർ ഗർഭിണിയായതും പ്രസവിച്ചതും സ്വന്തം വീട്ടിൽ അറിഞ്ഞില്ലെന്നും അധികൃതർ പറയുന്നു.
യുവാവിനൊപ്പമായിരുന്ന കുട്ടി മുലപ്പാലില്ലാതെ മൂന്നു ദിവസം കഴിഞ്ഞതോടെ അവശനായി. ഇതിനിടെയാണ് യുവാവിന്റെ മാതാവും സഹോദരിയും പൊലീസിനെ സമീപിച്ചത്. പരാതി ചൈൽഡ് ലൈനിലേക്കു കൈമാറി. ചൈൽഡ് ലൈൻ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്കു മാറ്റിയില്ലായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതോടെയാണ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിയെ ഓമല്ലൂരിലെ തണൽ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. കുട്ടിയെ ഏറ്റെടുത്ത യുവാവ് സ്വകാര്യ ബസിലെ ഡ്രൈവറാണ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ പേരിൽ മാതാവിനെതിരെയും കുഞ്ഞിനെ ഏറ്റെടുത്തതിനു യുവാവിനെതിരെയും കേസെടുക്കും.
English Summary: New born shifted to rescue centre