കോൺഗ്രസ് തിരഞ്ഞെടുപ്പ്: അംഗത്വ വിതരണം നാളെ മുതൽ
Mail This Article
തിരുവനന്തപുരം ∙ എഐസിസി പ്രഖ്യാപിച്ച സംഘടനാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
നവംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് അംഗത്വവിതരണം. ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികൾ ഇതിനു നേതൃത്വം കൊടുക്കും.
ഏപ്രിൽ ഒന്നിനും 15നും ഇടയിൽ, അംഗീകരിക്കപ്പെട്ട പാർട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികൾ പ്രസിദ്ധീകരിക്കും. 16 മുതൽ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ ഡിസിസികളിലെ തിരഞ്ഞെടുപ്പും ഓഗസ്റ്റിൽ കെപിസിസി തല തിരഞ്ഞെടുപ്പുകളും നടക്കും.
എഐസിസിയുടെ സംഘടനാ ഷെഡ്യൂൾ വച്ചു കൊണ്ടു കേരളത്തിൽ തിരഞ്ഞെടുപ്പു തീയതികൾ സംബന്ധിച്ച കൃത്യത വരുത്തും. നവംബർ രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന കെപിസിസി നേതൃയോഗങ്ങൾ അംഗത്വ വിതരണത്തിന്റെ തയാറെടുപ്പുകൾ ചർച്ച ചെയ്യും. പുതുതായി രൂപീകരിച്ച യൂണിറ്റുകളെക്കൂടി അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിർദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ പൊതു ധാരണ ആയിട്ടില്ല.
ഏറ്റവുമൊടുവിൽ 1992 ലാണ് വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പ് കേരളത്തിൽ നടന്നത്. അന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ.കെ.ആന്റണിയും വയലാർ രവിയും തമ്മിൽ നടന്ന മത്സരത്തിൽ രവി വിജയിച്ചു. പിന്നീടെല്ലാം ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് ഇവിടെ ചെയ്തുവന്നത്. എ–ഐ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പു കാലത്ത് ഈ വെടിനിർത്തലിന് മുൻകൈ എടുക്കുകയായിരുന്നു.
ഇത്തവണ പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകൾ കൈകോർത്ത വേറിട്ട സാഹചര്യമാണുള്ളത്. താഴെത്തട്ടിൽ എ–ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പഴയ അകൽച്ച തുടരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തിരഞ്ഞെടുപ്പു വാശി ഉയർന്നിട്ടുണ്ടെങ്കിലും മധ്യസ്ഥനീക്കങ്ങളും ഒരു വശത്ത് ആരംഭിച്ചിട്ടുണ്ട്. അംഗങ്ങളെ ചേർക്കാനുള്ള ശ്രമം ആരംഭിക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും.
English Summary: Congress membership campaign