ADVERTISEMENT

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ മരം മുറി അനുമതി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയും ഇടപെട്ടതി‍നു തെളിവ്. മരം മുറി അനുമതിക്കു ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ കൂടാതെ വനം പ്രിൻസിപ്പൽ സെക്രട്ടറിയും വനം വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിരന്തരം സമ്മർദം ചെലുത്തി‍യെന്നും പലതവണ കത്തിടപാ‍ടുകൾ നടത്തിയെന്നുമുള്ള രേഖകളാണു പുറത്തായത്.

വിവാദ ഉത്തരവിറക്കിയതു സർക്കാർ അറിയാതെ‍യാണെന്ന് അവകാശപ്പെടുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാടുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നതാണു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തുകൾ. ടി.കെ.ജോസിന്റെ അറിവോടെയാണു ഉത്തര‍വ് ഇറക്കിയതെന്നും 3 തവണ അദ്ദേഹം വിളിച്ച് അനുമതി വേഗത്തിലാക്കണമെന്നു നിർദേശിച്ചതായും മുൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാരിനു നൽകിയ വിശദീകരണക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തുക‍ളും പുറത്തായത്.

വനം മേധാവിയും അറിഞ്ഞിരുന്നു

മരം മുറി അനുമതിക്കായി വനം മേധാവി പി.കെ.കേശവൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റ‍ർമാർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് വനം പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ 3 കത്തു‍കളാണു പുറത്തു വന്നത്. വകുപ്പു മന്ത്രിയും ഓഫിസും വനം മേധാവിയും അറിയാതെ പ്രിൻസിപ്പൽ സെക്രട്ടറി കത്തുകൾ അയ‍യ്ക്കുമോ എന്ന ചോദ്യവും ഉയരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 19നാണു പ്രിൻസിപ്പൽ സെക്രട്ടറി, വനം മേധാവിയും ബെന്നിച്ചൻ തോമസും ഉൾപ്പെടെ 4 ഉന്നത വനം ഉദ്യോഗസ്ഥർക്ക് ആദ്യ കത്ത് നൽകിയത്. ബേബി ഡാം ബലപ്പെടുത്തുന്നതു‍മായി ബന്ധപ്പെട്ട് ആ ഭാഗത്തെ മരങ്ങൾ മുറിക്കാൻ നിലവിലുള്ള സുപ്രീം കോടതി വിധി പ്രകാരം നടപടിയെടുക്കണം എന്നായിരുന്നു ഉള്ളടക്കം.

കത്തിന്മേൽ വനം ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനെത്തുടർന്ന്, അതൃപ്തി രേഖപ്പെടുത്തി വിശദ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജൂലൈ 13 നും സെപ്റ്റംബർ 20നും പ്രിൻസിപ്പൽ സെക്രട്ടറി മേൽപറഞ്ഞ ഉദ്യോഗസ്ഥർക്ക് വീണ്ടും കത്തയച്ചു. ഇതിനു ശേഷമാണു മരംമുറി‍ അനുമതി നൽകുന്ന തരത്തിൽ നടപടിയെടുക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തയാറായതെന്നാ‍ണു സൂചന. മാസങ്ങൾക്കു മുൻപു നടന്ന നടപടി ക്രമങ്ങളെ‍ക്കുറിച്ച് മന്ത്രി ശശീന്ദ്രന് അറിവു‍ണ്ടായിട്ടും മറച്ചു പിടിക്കുകയാ‍ണെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ മൗനത്തിന് ഒരാഴ്ച

മരംമുറി വിഷയത്തിൽ മുഖ്യമന്ത്രി ഒരാഴ്ചയായി മൗനം തുടരുന്നു. 5 നാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിസഭായോഗം ഉത്തരവ് റദ്ദാക്കിയെങ്കിലും ചീഫ് സെക്രട്ടറിയുടെ അന്വേഷണം പുരോഗമിക്കുന്നു. ഉത്തരവിറക്കുന്നതി‍നു മുൻപ്, ഈ മാസം ഒന്നിനു ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറിൽ യോഗം നടന്നിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുമ്പോൾ, യോഗത്തിലെ മി‍നിറ്റ്സ് കണ്ടെന്നു നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി ശശീന്ദ്രൻ ഇതുവരെ അതു തിരുത്തി‍യിട്ടില്ല.

English Summary: New evidences of letters in mullaperiyar tree cutting issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com