ഒരു രൂപയ്ക്ക് ഊണൊരുക്കണം; ടീച്ചർ മുരിങ്ങയില പറിക്കുകയാണ്
Mail This Article
കോഴിക്കോട് ∙ സ്കൂൾ ഉച്ചഭക്ഷണമുണ്ടാക്കാൻ അപ്പുറത്തെ പറമ്പിൽനിന്നു പപ്പായയോ മുരിങ്ങയിലയോ കൊണ്ടുവരേണ്ട ഗതികേടിലാണ് സ്കൂൾ പ്രധാനാധ്യാപകർ. സ്കൂൾ തുറന്ന് മൂന്നാഴ്ച പിന്നിട്ടെങ്കിലും ഓരോ കുട്ടിക്കുമുള്ള തുക വർധിപ്പിക്കാത്തതാണു കാരണം.
2016ൽ നിശ്ചയിച്ച അതേ നിരക്കിലാണ് ഈ വർഷവും സർക്കാർ പണം നൽകുന്നത്. എന്നാൽ പാൽ മുതൽ പാചകവാതകം വരെയുള്ളവയുടെ ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് ഈ തുക കൊണ്ട് എങ്ങനെ ചെലവുകൾ കൂട്ടിമുട്ടിക്കുമെന്നതാണ് പ്രധാനാധ്യാപകരെ വെട്ടിലാക്കുന്നത്. പണം പിരിച്ചും കടം വാങ്ങിയുമാണു തൽക്കാലം പണം കണ്ടെത്തുന്നത്.
കോവിഡ് കാലത്തിനുമുൻപ് 5 ദിവസമാണു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ 6 ദിവസമുണ്ട്. ഈ അധിക ദിവസത്തേക്കുള്ള പാചകക്കൂലിയും മറ്റും കണ്ടെത്തണം. വിറക് പാടില്ല, പാചകവാതകം നിർബന്ധമാണെന്നു വരെ വ്യവസ്ഥയുമുണ്ട്.
ഒരു കുട്ടിക്ക് 24 രൂപ; പാലിനും മുട്ടയ്ക്കും മാത്രം 21 രൂപ
150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് എട്ടുരൂപ, നൂറ്റിയൻപതിലേറെ കുട്ടികളുണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിക്കും ഏഴു രൂപ, അഞ്ഞൂറിലേറെ കുട്ടികളുണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിക്കും ആറു രൂപ എന്ന നിരക്കിലാണു ഫണ്ട്. ഈ കണക്കനുസരിച്ച് ആഴ്ചയിൽ മൂന്നു ദിവസമെത്തുന്ന കുട്ടിക്കായി സർക്കാർ പരമാവധി നൽകുന്നത് 24 രൂപ.
ചോറ്, അവിയൽ, തോരൻ തുടങ്ങി രണ്ടിനം കറി, ഒരു ഒഴിച്ചുകറി എന്നിങ്ങനെയാണ് ഉച്ചഭക്ഷണത്തിനു നൽകേണ്ടത്. അരി സർക്കാർ നൽകും; വാഹനക്കൂലി സ്കൂൾ കൊടുക്കണം. മൂന്നു പ്രവൃത്തിദിവസത്തിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. പാലിനു 15 രൂപയും മുട്ടയ്ക്ക് 5–6 രൂപയും കണക്കാക്കിയാൽ തന്നെ ഒരു കുട്ടിക്ക് 21 രൂപ ചെലവാകും.
സർക്കാർ നൽകുന്ന 24 രൂപയിൽ ബാക്കി 3 രൂപ കൊണ്ട് എല്ലാ ചെലവുകളും നടത്തണം !
∙ ഒരു കുട്ടിക്ക് 24 രൂപ മുട്ട + പാൽ 21 രൂപ
∙ മൂന്ന് ദിവസത്തെ ഊണിന് ബാക്കി 3 രൂപ
English Summary: Lunch scheme for students