കെഎസ്‌യു ഭാരവാഹികളിൽ 25% വനിതകൾ നിർബന്ധം; പുനഃസംഘടന കെപിസിസി മേൽനോട്ടത്തിൽ
Mail This Article
കോഴിക്കോട്∙ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി ഇടപെടൽ. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവർക്ക് രണ്ടു സംഘടനകളുടെയും ചുമതല നൽകി. കാലാവധി പൂർത്തിയായ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ തയാറായി.
കെഎസ്‌യു ഭാരവാഹികളായി വിവാഹിതർ വേണ്ടെന്നാണ് കെപിസിസി നിർദേശം. ഇതോടെ വിവാഹിതരായ വിദ്യാർഥി നേതാക്കളെ ഉൾപ്പെടുത്തി നിലവിലുള്ള കെഎസ്‌യു നേതൃത്വം തയാറാക്കിയ പട്ടിക അപ്രസക്തമായി.
21 ഭാരവാഹികളും 20 നിർവാഹക സമിതി അംഗങ്ങളും അടക്കം 41 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയിൽ 25% വനിതകൾ ആയിരിക്കണം. ഭാരവാഹികളായി വിദ്യാർഥികൾ മാത്രം മതി. 27 ആണ് പ്രായപരിധി.
2017ൽ തിരഞ്ഞെടുക്കപ്പെട്ട കെഎസ്‌യു സംസ്ഥാന കമ്മിറ്റി 2 വർഷത്തിനു പകരം 4 വർഷം പൂർത്തിയാക്കിയിട്ടും സംഘടനാ തിരഞ്ഞെടുപ്പ് നടക്കാതെ വന്നതോടെ നാമനിർദേശം വഴി താൽക്കാലിക പുനഃസംഘടന നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ താൽക്കാലിക പട്ടികയിൽ ഭാരവാഹിത്വം എ -ഐ ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുകയാണെന്ന പരാതി ഉയർന്നതോടെയാണ് കെപിസിസി ഇടപെട്ടത്. അർഹതയുള്ളവരെ മാറ്റിനിർത്തുന്നു എന്ന പരാതി ലഭിച്ചിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയും കെപിസിസി ഭാരവാഹികളുടെ മേൽനോട്ടത്തിലാവും നടക്കുക.
English Summary: 25 % women mandatory in KSU state committee