വിദേശത്തിരുന്നും തുടങ്ങാം 50 കോടിയുടെ സംരംഭം
Mail This Article
ദുബായ് ∙ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് 50 കോടിരൂപ വരെ നിക്ഷേപം നടത്താനും പ്രവാസികൾക്കു വിദേശത്തിരുന്നു പോലും സംരംഭം തുടങ്ങാനും സൗകര്യമൊരുക്കി കേരള ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ ആക്ട് സർക്കാർ ഭേദഗതി ചെയ്തു.
നേരത്തേ 10 കോടിയായിരുന്നു പരിധി. കേന്ദ്രസർക്കാർ ഇത്തരം സംരംഭങ്ങളുടെ പരിധി 50 കോടിയാക്കിയതിനു പിന്നാലെയാണു സംസ്ഥാനത്തിന്റെയും നീക്കം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ഐഡിസി) ഭാഗമായ കെ സ്വിഫ്റ്റ് വഴി അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംരംഭം തുടങ്ങാം. 3 വർഷത്തിനുള്ളിൽ ബാക്കി അനുമതി പത്രങ്ങൾ നേടിയാൽ മതിയാകും. പ്രവാസികൾക്ക് വൻ അവസരങ്ങളാണ് ഇതുവഴി ലഭിക്കുന്നതെന്ന് കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി (കൂടുതൽ മാലിന്യം സൃഷ്ടിക്കുന്ന) വിഭാഗത്തിൽ ഉൾപ്പെടാത്ത പദ്ധതികളാണ് ഇങ്ങനെ തുടങ്ങാനാകുക.
50 കോടിക്കു മുകളിൽ നിക്ഷേപം നടത്താനുള്ള സംരംഭങ്ങൾ സംബന്ധിച്ചും വ്യവസ്ഥകൾ തയാറാക്കുകയാണ്. പ്രിൻസിപ്പിൽ സെക്രട്ടറി അധ്യക്ഷനായി കെഎസ്ഐഡിസിക്കു കീഴിൽ കേരള ഇൻവെസ്റ്റ്മെന്റ് ബ്യൂറോ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ അനുമതിയും നൽകണമെന്നാണു വ്യവസ്ഥ.
അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ ഒരുലക്ഷം ചെറുകിട-ഇടത്തരം പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. കേരള ബാങ്ക്, കെഎസ്ഐഡിസി തുടങ്ങിയവയുമായി സഹകരിച്ച് മിതമായ പലിശയ്ക്ക് വായ്പകൾ അനുവദിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
English Summary: Kerala investment facilitation act amendment