കേരളത്തിന്റെ പത്മത്തിളക്കം
Mail This Article
വെച്ചൂർ പശുവിനെ തിരിച്ചുപിടിച്ച ഡോ. ശോശാമ്മ ഐപ്പ്
വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിനെ കണ്ടെടുത്ത് സംരക്ഷിക്കുകയും അവയുടെ വംശവർധയ്ക്കു വേണ്ടി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ‘വെച്ചൂരിന്റെ അമ്മ’യാണ് ഡോ. ശോശാമ്മ ഐപ്പ് (82). മണ്ണുത്തി വെറ്ററിനറി കോളജ് പ്രഫസറും ഗവേഷകയും ആയിരുന്ന ഡോ. ശോശാമ്മ, വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് രൂപീകരിച്ച് തനത് കന്നുകാലികളെ സംരക്ഷിച്ചു. ഇപ്പോൾ 5000–6000 വെച്ചൂർ പശുക്കൾ സംസ്ഥാനത്തുണ്ട്.
നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി നേടിയ ശോശാമ്മ ജെനെറ്റിക് ആൻഡ് അനിമൽ ബ്രീഡിങ് വകുപ്പ് മേധാവിയായിരുന്നു. വെച്ചൂർ പശു സംരക്ഷണത്തിന് എതിരായുണ്ടായ ഭീഷണികളെ അതിജീവിച്ചതിന്റെ കഥ ഈ മാസം 16ന് ‘ഞായറാഴ്ച’ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടനാട് നിരണം സ്വദേശിനി. തൃശൂർ മണ്ണുത്തിയിലാണു താമസം. പരേതനായ ഏബ്രഹാം വർക്കിയാണ് ഭർത്താവ്.
സംസ്കൃതിയിൽ ഉറച്ച കവി പി.നാരായണക്കുറുപ്പ്
ഭാരതീയ സംസ്കൃതിയിൽ അടിയുറച്ചു നിന്നുകൊണ്ട് കവിതകൾ രചിച്ച വ്യക്തിയാണ് പി. നാരായണക്കുറുപ്പ് (87). രാഗങ്ങളെയും സംഗീതകൃതികളെയും അടിസ്ഥാനപ്പെടുത്തിയുള്ള കവിതകൾ സവിശേഷതയുള്ളവയാണ്. കവിതയ്‌ക്കും നിരൂപണത്തിനും കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
നിശാഗന്ധി, കടലാസു കപ്പൽ, നെടുങ്കവിതകളും കുറുങ്കവിതകളും, ഹംസധ്വനി, അസ്‌ത്രമാല്യം, അപൂർണതയുടെ സൗന്ദര്യം, കിംപ്യൂട്ടർ, നാരാണത്തു കവിത, ഭൂപാളം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. കവിയും കവിതയും, വൃത്തപഠനം, കാവ്യബിംബം, തനതു നാടകം, തനതു കവിത എന്നിവയാണു നിരൂപണ ഗ്രന്ഥങ്ങൾ.
സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാന കോശം, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗെസ്റ്റ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഹരിപ്പാട് സ്വദേശിയായ നാരായണക്കുറുപ്പ് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലാണു താമസം.
കളരിപ്പയറ്റിനെ കടൽ കടത്തി വല്ലഭട്ടയുടെ ഉണ്ണി ഗുരുക്കൾ
കളരിപ്പയറ്റിനെ ജനകീയമാക്കുകയും സാധാരണക്കാരനിലേക്കു കളരിച്ചുവടുകൾ എത്തിക്കുകയും കളരി ചികിത്സയെ സംരക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് തൃശൂർ ചാവക്കാട് വല്ലഭട്ട കളരിയിലെ സി.ശങ്കരനാരായണ മേനോൻ (ഉണ്ണി ഗുരുക്കൾ–93) വിദേശത്തു നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് കളരി പഠിക്കാൻ ഇവിടെയെത്തുന്നത്. അച്ഛൻ ശങ്കുണ്ണി പണിക്കരുടെ ശിക്ഷണത്തിൽ ആറാം വയസ്സിൽ മുടവങ്ങാട്ട് തറവാട്ട് കളരിയിൽ അഭ്യാസം ആരംഭിച്ചു. 16–ാം വയസിൽ അരങ്ങേറ്റം കുറിച്ചു. യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ബൽജിയം, ഹോളണ്ട്, ഇറ്റലി, ജർമനി, റഷ്യ, ചൈന, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ ക്ലാസുകളും പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
സാക്ഷരതയുടെ സന്ദേശം പടർത്തിയ കെ.വി.റാബിയ
ശാരീരിക പരിമിതകളെ അതിജീവിച്ച് സാക്ഷരതാ പ്രവർത്തന രംഗത്ത് സജീവമായതോടെയാണ് കെ.വി.റാബിയ മലയാളികൾക്കിടയിൽ സുപരിചിതയായത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. കരിവേപ്പിൽ പരേതരായ മൂസക്കുട്ടി ഹാജിയുടെയും ബിയാച്ചൂട്ടി ഹജ്‌ജുമ്മയുടെയും മകൾ. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് കാലുകളുടെ ശേഷി നഷ്ടപ്പെട്ടു.
പ്രീഡിഗ്രി കഴിഞ്ഞതോടെ ഔപചാരിക പഠനം മുടങ്ങിയെങ്കിലും വായനയിലൂടെ അറിവുനേടി. ചലനം എന്ന പേരിൽ സംഘടനയുണ്ടാക്കി സ്ത്രീകൾക്കും വികലാംഗർക്കും തൊഴിൽപരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. 1993 ൽ റാബിയയുടെ ഡയറിക്കുറിപ്പുകൾ ‘അക്ഷരഹൃദയം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1995 ൽ ജീവിതകഥ ‘റാബിയ അവളുടെ കഥ പറയുന്നു’ സംസ്ഥാന സാക്ഷരത മിഷൻ പ്രസിദ്ധീകരിച്ചു. 2013 ലെ സാമൂഹിക നീതി വകുപ്പിന്റെ വനിതാ രത്നം പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Content Highlight: Padma Awards