ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കറന്റ് ചാർജ് ഇനത്തിൽ വർഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ 1800 കോടിയും സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. ജല അതോറിറ്റി 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു പിരിഞ്ഞു കിട്ടാനുള്ളത് 1200 കോടിയാണെന്നും ഇതിൽ നല്ലൊരു പങ്കും വർഷങ്ങളായി നിയമ യുദ്ധത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും ബോർഡ് ചെയർമാൻ ബി.അശോക് പറഞ്ഞു. കോവിഡ് മൂലം തവണകളായി അടയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതാണ് ശേഷിക്കുന്ന കുടിശിക.

വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനു ബോർഡിന്റെ കുടിശിക തുക പരിഗണിക്കില്ല. കുടിശിക തുക ബോർഡിനു ലഭിച്ച വരുമാനമായി ആണ് കണക്കാക്കുന്നത്. വരുമാനവും ചെലവും വിലയിരുത്തുമ്പോൾ ഉണ്ടാകുന്ന കമ്മി നികത്താനാണ് നിരക്കു വർധന. കുടിശിക ലഭിച്ചാൽ ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടും.

‘ഉപയോഗം കുറച്ചില്ലെങ്കിൽ നിരക്ക് കൂട്ടേണ്ടിവരും’

പാലക്കാട് ∙ നിലവിലെ ഉപഭോഗരീതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ, വൈദ്യുതി കൂടുതൽ ഉപയേ‍ാഗിക്കുന്ന സമയത്തെ (പീക്ക് അവർ) നിരക്കു കൂട്ടേണ്ടിവരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പീക്ക് അവറിൽ പുറത്തുനിന്നു കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ്. ഈ സമയത്തു നിയന്ത്രണമില്ലാതെ വൈദ്യുതി ഉപയേ‍ാഗിക്കുന്ന ശീലത്തിനാണ് ഉപയോക്താക്കൾ മാറ്റം വരുത്തേണ്ടത്. വൈകിട്ട് 6 മുതൽ 10 മണി വരെയുളള സമയത്താണ് ഉപഭേ‍ാഗം കൂടുതൽ.

വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം തുടർന്നാൽ ബേ‍ാർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ 2 പതിറ്റാണ്ടു മുൻപ് ഉണ്ടാക്കിയ 2 കരാറുകളിൽ യൂണിറ്റിന് 8 രൂപ വരെയാണു ഇപ്പേ‍ാൾ നൽകുന്നത്. കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിരക്കു വർധനയുമായി ബന്ധപ്പെട്ടു തീരുമാനങ്ങളെ‍ാന്നും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി മടങ്ങിവന്നശേഷം വിശദചർച്ച നടത്തും. വർധന തീരുമാനിക്കേണ്ടതു വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ്.

English Summary: Electricity charge arrears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com