ജീവകാരുണ്യം മുഖമുദ്ര
Mail This Article
ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ഏറ്റവും ഊഷ്മളമായ ഓർമ ജീവകാരുണ്യ പ്രവർത്തനങ്ങളോട് അദ്ദേഹം കാണിച്ചിരുന്ന താൽപര്യമാണ്. അതുമായി ബന്ധപ്പെട്ട എന്തും വളരെ താൽപര്യത്തോടെ ശ്രദ്ധിക്കും. പിന്നീട് അതിനെക്കുറിച്ച് അന്വേഷിക്കും. തിരുവനന്തപുരത്ത് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങളെ എല്ലാ രീതിയിലും അദ്ദേഹം സഹായിച്ചു.
സൗമ്യതയാണു തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്ര കാലത്തെ പരിചയത്തിനിടയ്ക്ക് അദ്ദേഹത്തെ ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല. എല്ലാവരെയും ചേർത്തു നിർത്തുന്ന പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം ഹൈദരലി തങ്ങൾ തുടർന്നു. രാഷ്ട്രീയത്തിലായാലും ആത്മീയ രംഗത്തായാലും എല്ലാവരെയും ഒരുമിച്ചു നിർത്താനാണു തങ്ങൾ എപ്പോഴും ശ്രമിച്ചത്.
തങ്ങളെ ബാധിച്ച രോഗം ഗുരുതരമാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. അദ്ദേഹത്തിനു ചുറ്റുമുള്ള ഞങ്ങൾക്കെല്ലാം അതു വലിയ വിഷമമായി. എന്നാൽ, സ്വതസിദ്ധമായ സൗമ്യതയോടെ ‘അതു സാരമില്ല’ എന്നാണ് അദ്ദേഹം അപ്പോഴും പറഞ്ഞത്. സൗമ്യനായിരിക്കുമ്പോൾതന്നെ ശക്തമായ നിലപാടും തങ്ങൾക്കുണ്ടായിരുന്നു.
എല്ലാവരും പറയുന്ന അഭിപ്രായങ്ങൾ മനസ്സിൽവയ്ക്കും. അവസാനം ഏറ്റവും ഉചിതമായ തീരുമാനം എടുക്കും. ഇടപെടലിലെ ഈ ആത്മാർഥതയും സത്യസന്ധതയുമാണു തങ്ങളിലേക്ക് എല്ലാവരെയും അടുപ്പിച്ചു നിർത്തിയത്.
English Summary: E.T. Muhammed basheer remember Panakkad hyder ali shihab thangal.