ADVERTISEMENT

ന്യൂഡൽഹി ∙ കേരള പൊലീസ് മേധാവി അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്സാപ് നമ്പറിൽ നിന്നു സന്ദേശമയച്ചു തട്ടിപ്പു നടത്തിയ നൈജീരിയൻ സ്വദേശി റൊമാനസ് ചിബൂച്ചി (28) ഡൽഹ‌ിയിൽ പിടിയിൽ. കൊല്ലം കുണ്ടറ സ്വദേശിനിയായ അ‌ധ്യാപികയിൽ നിന്നു 14 ലക്ഷം രൂപയാണു റൊമാനസ് തട്ടിയത്. മൊബൈൽ നമ്പർ അടിസ്ഥാനമാക്കി ഡൽഹിയിൽ 2 ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഉത്തം നഗർ ആനന്ദ് വിഹാറിൽ നിന്നു പ്രതിയെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ‌്തത്. അറസ്റ്റിനു പിന്നാലെ, ഇവിടെ താമസിക്കുന്ന വിദേശ രാജ്യക്കാർ പൊലീസിനെ തടയാൻ ശ്ര‌‌മിച്ചു. സാഹസികമായാണു പൊലീസ് സംഘം പ്രതിയെ പുറത്തെത്തിച്ചത്. ദ്വാരക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നു തിരുവനന്തപുരത്തെത്തിക്കും. 

റൊമാനസിന്റെ താമസസ്ഥലത്തു നിന്നു പത്തിലേറെ മൊബൈൽ ഫോണും കണ്ടെത്തി. പ്രതി 40 ലക്ഷത്തിലേറെ രൂപയുടെ ഓൺലൈൻ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു കണ്ടെ‌ത്തൽ. പണം അസം, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു കൈമാറ്റം ചെ‌യ്തിരിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്നാണു സൂചനയെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ സിഐ (സൈബർ ക്രൈം) പി.ബി.വിനോദ് കുമാർ പറഞ്ഞു. 

ഓൺലൈൻ ലോട്ടറി അടിച്ചെന്നും അതിനു നികുതി അടച്ചില്ലെങ്കിൽ കേസ‌െടുക്കുമെ‌ന്നുമായിരുന്നു അധ്യാപികയ്ക്കു ലഭിച്ച സന്ദേശം. ഡിജിപി അനിൽകാന്തിന്റെ ഫോട്ടോയും സംസ്ഥാന പൊലീസ് മേധാവി എന്ന പേരും ഉപയോഗിച്ചുള്ള വാട്സാപ് നമ്പറിൽ നിന്നായിരുന്നു സന്ദേശം. ഡൽ‌ഹി‌യിലുള്ള താൻ തിരികെയെത്തുന്നതിനു മുൻപ് പണം അടയ്ക്കണമെന്നും അറിയിച്ചു. ഡിജിപിയാണോ എന്നുറപ്പിക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചപ്പോൾ അന്നു ഡിജിപി അനിൽകാന്ത് ഡൽഹിക്കു പോയെന്ന മറുപടി ലഭിച്ചതോടെ അവർ വിശ്വസിച്ചു. തുടർന്നാണു തട്ടിപ്പു സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു പണം കൈമാറിയത്. 

English Summary: Nigerian citizen arrested in Online Money Fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com