ധീരജ് വധക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം; കത്തി കണ്ടെത്താനായില്ല
Mail This Article
തൊടുപുഴ∙ ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം ലഭിച്ചു. ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എസ്.ശശികുമാറാണ് ജാമ്യം അനുവദിച്ചത്. കൃത്യം നടന്ന് 87 ദിവസത്തിനുശേഷമാണ് നിഖിൽ പൈലിക്കു ജാമ്യം ലഭിച്ചത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ പൈലി. 2 മുതൽ 8 വരെ പ്രതികൾക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ജെറിൻ ജോജോ, ടോണി ഏബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി, ജസ്റ്റിൻ ജോയി, അലൻ ബേബി എന്നിവരാണ് 2 മുതൽ 8 വരെയുള്ള പ്രതികൾ.
കഴിഞ്ഞ ജനുവരി പത്തിനാണ് പൈനാവ് എൻജിനീയറിങ് കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജ് കുത്തേറ്റു മരിച്ചത്. നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ധീരജ്. അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ രണ്ടിനു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറുന്നൂറോളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ല.
Content Highlight: Dheeraj murder case