ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുപ്പെടുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവർത്തകരോടു ഇ.പി ജയരാജൻ പറഞ്ഞു. ‘‘ആ മോഹമൊന്നും എനിക്കില്ല. അതിനുള്ള അർഹത എനിക്കില്ല’’.

പക്ഷേ കേരളത്തിൽനിന്നു പിബിയിലേക്ക് ആരു വരുമെന്നു ജയരാജനു ബോധ്യമുണ്ടായിരുന്നു. ഉന്നത നേതൃത്വത്തിലെ ആ മുൻധാരണ പ്രകാരം എ.വിജയരാഘവൻ പിബി അംഗമായി. അദ്ദേഹം ഒഴിഞ്ഞ എൽഡിഎഫ് കൺവീനർ പദത്തിലേക്ക് ഇ.പി.ജയരാജനും കടന്നുവരുന്നു. ആ പദവിയെപ്പറ്റി കണ്ണൂരിൽ വച്ചു തന്നെ ജയരാജന് അറിവുണ്ടായിരുന്നുവെന്നു കരുതുന്നവരാണേറെ.

എൽഡിഎഫ് യോഗങ്ങളിൽ സിപിഎമ്മിന്റെ പ്രതിനിധി പോലും അല്ലാതിരുന്ന ആളാണ് കൺവീനർ ആയി ഉയർത്തപ്പെടുന്നത്. എന്നാൽ കണ്ണൂരിലെ ഈ കരുത്തനായ നേതാവിന് ഒന്നിനോടും അങ്ങനെ അപരിചിതത്വമില്ല. പിരിച്ച മീശയും കനത്ത ശബ്ദവും കർക്കശക്കാരന്റെ പരിവേഷം നൽകുന്നുവെങ്കിലും അടുത്തറിയാവുന്നവർക്ക് അദ്ദേഹം സ്നേഹസമ്പന്നനായ ‘ഇപി’ ആണ്.

പക്ഷേ, സമീപകാലത്ത് എൽഡിഎഫ് കൺവീനർമാരായിരുന്ന വൈക്കം വിശ്വന്റെയോ എ.വിജയരാഘവന്റെയോ ശൈലിയാവില്ല ജയരാജന്റേത്. പറയാനുള്ളത് വേണ്ട സമയത്തു പറയും. കമ്യൂണിസ്റ്റുകാർക്കു കട്ടൻ ചായയുടെയും പരിപ്പു വടയുടെയും കാലം കഴിഞ്ഞെന്നു പറയാൻ അദ്ദേഹം മടിച്ചിട്ടില്ല. ഒരേസമയം പാർട്ടിയുടെ കർഷക സംഘടനയെയും കച്ചവടക്കാരുടെ സംഘടനയെയും നയിക്കാനും ജയരാജനേ കഴിഞ്ഞിട്ടുള്ളൂ. 

1995 ൽ ജലന്തർ പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുമ്പോൾ വെടിയേറ്റ നേതാവിനു വിവാദങ്ങളെയും ഭയമില്ല. കഴുത്തിൽ അവശേഷിക്കുന്ന വെടിയുണ്ടകളെക്കുറിച്ച് പ്രസംഗങ്ങളിൽ പറഞ്ഞിരുന്ന ജയരാജൻ അടുത്തകാലത്ത് അതു നിർത്തി. ദേശാഭിമാനി ബോണ്ട് വിവാദവും പിൽക്കാലത്തു വന്ന ബന്ധു നിയമന വിവാദവും ജീവിതത്തിലെ കടുപ്പമേറിയ നാളുകൾ സമ്മാനിച്ചതും കാരണമാകാം. 

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽനിന്ന് ആദ്യം രാജിവയ്ക്കേണ്ടി വന്നപ്പോൾ കണ്ണൂരിലെ ഈ കരുത്തനെ പലരും തള്ളിപ്പറഞ്ഞെങ്കിലും അതിശക്തമായി മന്ത്രിസഭയിലെ ‘രണ്ടാമൻ’ പദവിയിലേക്കു ജയരാജൻ തിരിച്ചെത്തി.

പാർട്ടിയുടെ ടേം വ്യവസ്ഥ പ്രകാരം ഇത്തവണ സീറ്റ് നിഷേധിക്കപ്പട്ടതോടെ രാഷ്ട്രീയ ജീവിതം ഏതാണ്ടു കഴിഞ്ഞുവെന്ന വേദന ജയരാജനിൽ ഉണ്ടായെന്നു കരുതുന്നവരുണ്ട്. എകെജി സെന്റർ കേന്ദ്രീകരിച്ച് സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ ചുമതലകൾ നിർവഹിക്കണമെന്ന നിർദേശം ആ ഘട്ടത്തിൽ അദ്ദേഹം പാലിച്ചില്ല. ഒടുവിൽ പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ളവർ അനുനയിപ്പിച്ച് അദ്ദേഹത്തെ സജീവമാക്കി. 

തിരുവനന്തപുരത്തേക്ക് അദ്ദേഹം വീണ്ടും താമസം മാറ്റി. കൊച്ചിയിലെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരിയും പ്രസീഡിയം അധ്യക്ഷൻ എന്ന നിലയിൽ ജയരാജനും ചേർന്നാണു സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

 വിജയരാഘവൻ പിബി അംഗമായാൽ പകരം ആ ചുമതലയിലേക്കു ജയരാജൻ വരുമെന്ന സൂചന അന്നേ പുറത്തുവന്നു. മുന്നണിയിലെ എല്ലാ ഘടക കക്ഷികളെയും ഒരുമയോടെ നയിക്കേണ്ട കൺവീനറുടെ സംയമനവും നയതന്ത്രജ്ഞതയുമാണ് ജയരാജൻ ഇനി പ്രകടമാക്കേണ്ടത്.

എട്ടാമത്തെ കൺവീനർ

1980 ൽ എൽഡിഎഫ് രൂപീകരിക്കപ്പെട്ട ശേഷമുള്ള എട്ടാമത്തെ കൺവീനറാണ് ഇ.പി.ജയരാജൻ. കൂടുതൽ കാലം പദവി വഹിച്ചത് വൈക്കം വിശ്വനാണ്–12 വർഷം. ഏറ്റവും കുറച്ചു കാലം ടി.കെ.രാമകൃഷ്ണൻ– ഒരു വർഷം.

എൽഡിഎഫ് കൺവീനർമാർ

∙ പി.വി.കുഞ്ഞിക്കണ്ണൻ 1980–86

∙ ടി.കെ.രാമകൃഷ്ണൻ 1986–87

∙ എം.എം.ലോറൻസ് 1987–98

∙ വി.എസ്.അച്യുതാനന്ദൻ 1998–2001

∙ പാലോളി മുഹമ്മദ് കുട്ടി 2001–06

∙ വൈക്കം വിശ്വൻ 2006–2018

∙ എ.വിജയരാഘവൻ 2018–22

∙ ഇ.പി.ജയരാജൻ 2022

English Summary: E.P. Jayarajan LDF convenor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com