എസ്.ശ്രീജിത്തിന്റെ സ്ഥലം മാറ്റം: ഡിജിപി വിശദീകരിക്കണം
Mail This Article
കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തു നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിക്കുന്നത്.
കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രസിഡന്റ് സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹർജി നൽകിയത്. തസ്തികയിൽ രണ്ടുവർഷം പൂർത്തിയാക്കുന്നതിനു മുൻപ് നിർണായകമായ കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് മാറ്റിയത് നിയമലംഘനമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ക്രൈംബ്രാഞ്ച് മേധാവിയുടെ കാര്യത്തിൽ ഈ നിയമം ബാധകമാകുമോയെന്നു കോടതി ആരാഞ്ഞു. തുടർന്ന് ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി ഹർജി 19നു പരിഗണിക്കാൻ മാറ്റി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിനെ മാറ്റി പകരം ഷേക്ക് ദർവേഷ് സാഹിബിനെ നിയോഗിച്ച് കഴിഞ്ഞ മാസമാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മിഷണറായും നിയമിച്ചു.
English Summary: S. Sreejith transfer case in High Court