ഒരേസമയം രണ്ട് പൊട്ടിക്കൽ സംഘങ്ങളുമായി കാരിയർക്ക് ഡീൽ; യുദ്ധസമാന അന്തരീക്ഷം
Mail This Article
സ്വർണക്കടത്തു സംഘമറിയാതെ ഒരേസമയം രണ്ട് പൊട്ടിക്കൽ സംഘങ്ങളുമായി ഡീലുണ്ടാക്കി കാരിയർ; പൊട്ടിക്കൽ വിവരം മറ്റൊരു സ്വർണക്കടത്തുകാരൻ ചോർത്തിക്കൊടുത്തതോടെ കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായത് യുദ്ധസമാനമായ അന്തരീക്ഷം
2021 ജൂൺ 21 പുലർച്ചെ. കോഴിക്കോട് വിമാനത്താവള പരിസരത്തു യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. അതാരും ശ്രദ്ധിച്ചില്ലെന്നു മാത്രം. അറുപതിലേറെ വാഹനങ്ങളിലായി നൂറോളം പേരാണ് ഒരേയൊരു യാത്രക്കാരനെ കാത്തിരുന്നത്; 2.33 കിലോഗ്രാം സ്വർണവുമായി എത്തുന്ന മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്ന കാരിയറെ. ഇതിൽ, കള്ളക്കടത്തുകാർ മാത്രം ഏർപ്പാടാക്കിയ വാഹനങ്ങൾ അൻപതിലേറെ വരും. സ്വർണം തട്ടിക്കൊണ്ടുപോകാനെത്തിയവർ വേറെ. രണ്ടേകാൽ കിലോഗ്രാം സ്വർണത്തിനു കാവൽ നൽകാൻ ഇത്രയും സന്നാഹമോ എന്നു സംശയിച്ചേക്കാം. പക്ഷേ, അന്ന് സ്വർണക്കടത്തുകാർ അതിജാഗ്രതയിലായിരുന്നു. സ്വർണം കാരിയറുടെ സഹായത്തോടെ തന്നെ ‘പൊട്ടിക്കു’മെന്ന വിവരം സ്വർണക്കടത്തുകാർക്കു ലഭിച്ചിരുന്നു. പക്ഷേ, അതിനു മുൻപുതന്നെ കാരിയറെ കസ്റ്റംസ് പിടികൂടി. അർജുൻ ആയങ്കിയുടെ സംഘത്തിനു പുറമേ, കണ്ണൂരിൽനിന്നുള്ള യൂസഫ് എന്നയാളുടെ സംഘവുമായും ഷഫീഖ് സ്വർണക്കടത്തു പൊട്ടിക്കാൻ ധാരണയിലെത്തിയിരുന്നുവെന്നാണ് കസ്റ്റംസും പൊലീസും നടത്തിയ അന്വേഷണത്തിൽ വെളിവാകുന്നത്. അധോലോകത്തെ ചതി വ്യക്തമാക്കുന്ന, അന്നത്തെ നാടകീയ സംഭവങ്ങൾ അന്വേഷണ സംഘങ്ങൾ ഇങ്ങനെ കോർത്തിണക്കുന്നു:
കോഴിക്കോട് ജില്ലയിലെ 5 സംഘങ്ങൾ ചേർന്നാണ് 2.33 കിലോഗ്രാം സ്വർണക്കടത്തിൽ നിക്ഷേപിച്ചത്. സൂഫിയാനായിരുന്നു ഏകോപനം. കാരിയർ മുഹമ്മദ് ഷഫീഖ്. സ്വർണം ഒളിപ്പിച്ചത് കോഫി മേക്കറിൽ. സ്വർണം അടിച്ചുമാറ്റി മുങ്ങാൻ നേരത്തേതന്നെ അർജുൻ ആയങ്കിയുടെ സംഘം ഷഫീഖുമായി ധാരണയിലെത്തിയിരുന്നു. ഷഫീഖിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു ധാരണ. സ്വർണക്കടത്തു സംഘം ഇതറിയുന്നതേയില്ല. സ്വർണവുമായി വിമാനത്തിൽ കയറിയയുടൻ ഷർട്ടു മാറിയ ഷഫീഖ്, തന്റെ ഫോട്ടോ എടുത്ത് ആയങ്കിക്കു വാട്സാപ് ചെയ്തു. ഇതിനു ശേഷമാണു കഥ മാറുന്നത്. വിമാനം പുറപ്പെടും മുൻപു വീണ്ടും ഷർട്ട് മാറിയ ഷഫീഖ്, ഫോട്ടോ എടുത്ത് മറ്റൊരു ‘സ്വർണക്കടത്ത് പൊട്ടിക്കൽ’ സംഘത്തിന്റെ തലവൻ യൂസഫിനു വാട്സാപ് ചെയ്യുന്നു. സ്വർണം തുല്യമായി വീതിക്കാനാണ് യൂസഫും ഷഫീഖും തമ്മിൽ ധാരണയാക്കിയിരുന്നത്. ഒരേസമയം, രണ്ട് പൊട്ടിക്കൽ സംഘങ്ങളുമായി ഷഫീഖ് ധാരണയിലെത്തിയിരുന്നുവെന്നു ചുരുക്കം. കൂടുതൽ ലാഭം വാഗ്ദാനം ചെയ്തത് യൂസഫായതിനാൽ, മൂന്നാമത്തെ ഷർട്ട് ധരിച്ചാണ് ഷഫീഖ് യാത്ര ചെയ്തത്. പക്ഷേ, ഷഫീഖോ യൂസഫോ സൂഫിയാനോ ആയങ്കിയോ വിചാരിച്ചതു പോലെയല്ല തുടർന്നുള്ള കാര്യങ്ങൾ നടന്നത്.
ചെറിയൊരു ട്വിസ്റ്റ്
ഷഫീഖ് ഷർട്ട് മാറുന്നത്, അതേ വിമാനത്തിലുണ്ടായിരുന്ന ഒരു സ്വർണക്കടത്തുകാരന്റെ ശ്രദ്ധയിൽപെട്ടു. അയാളത് അപ്പോൾത്തന്നെ സ്വർണക്കടത്തുകാരുടെ വാട്സാപ് ഗ്രൂപ്പായ ‘കോവിഡ് 19’ൽ പോസ്റ്റ് ചെയ്തു. കാരിയറെ പരിചയമില്ലാത്തതിനാൽ, ‘വിമാനത്തിൽ വച്ച് ഒരാൾ ഷർട്ട് മാറിയിട്ടുണ്ട്. പൊട്ടിക്കലിനു സാധ്യതയുണ്ട്’ എന്നാണ് ഫ്ലൈറ്റ് നമ്പർ സഹിതം പോസ്റ്റിട്ടത്. വിവരമറിഞ്ഞ സൂഫിയാൻ, എന്തു വില കൊടുത്തും പൊട്ടിക്കൽ തടയാനും കാരിയറെയും ആയങ്കിയെയും കയ്യോടെ പൊക്കാനും തീരുമാനിച്ചു. കാരണം, തലേന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇതേ സ്വർണക്കടത്തു സംഘത്തിന്റെ 2 കടത്തുകൾ ‘പൊട്ടിച്ചു’ പോയിരുന്നു.
സ്വർണക്കടത്തിനു പണം മുടക്കിയ 5 സംഘങ്ങളും ഗുണ്ടകളെ സംഘടിപ്പിച്ച് അതിവേഗം കരിപ്പൂരിലെത്തി. അടിയന്തര സാഹചര്യമായതിനാൽ, പാലക്കാട്ടുനിന്നു വരെ ആളെക്കൂട്ടി. വഴിയിൽ കണ്ട പരിചയക്കാരെയെല്ലാം വാഹനത്തിൽ വിളിച്ചു കയറ്റി. ഏകോപനത്തിനായി, ഗുണ്ടകളടക്കമുള്ളവരെ ഉൾപ്പെടുത്തി സൂഫിയാൻ അഡ്മിനായി ‘ടുഡേ’ എന്ന വാട്സാപ് ഗ്രൂപ്പുണ്ടാക്കി. നിർദേശങ്ങൾ ഗ്രൂപ്പിൽ തലങ്ങും വിലങ്ങും പാഞ്ഞു. ആയങ്കിയെയും ഷഫീഖിനെയും കയ്യോടെ പിടികൂടുകയായിരുന്നു ലക്ഷ്യം. അൻപതിലേറെ വാഹനങ്ങളിലായി നൂറിലേറെ ആളുകൾ എന്തിനും തയാറായിനിന്നു. പൊട്ടിക്കൽ വിവരം ചോർന്നതറിയാതെ, ആയങ്കിയും സംഘവും 3 കാറുകളിലായി വിമാനത്താവള പരിസരത്തെത്തി ഷഫീഖിനെ കാത്തിരിക്കുമ്പോൾ അധികം അകലെയല്ലാതെ യൂസഫിന്റെ സംഘവുമുണ്ടായിരുന്നു; 3 കാറുകളിലായി 6 പേർ.
യൂസഫിന്റെ സംഘവുമായാണ് ഷഫീഖ് അന്തിമധാരണയിലെത്തിയതെന്ന കാര്യം അറിയാതെപോയ സ്വർണക്കടത്തുകാരുടെ ശ്രദ്ധ മുഴുവൻ ആയങ്കിയിലായിരുന്നു. കാറിനു പുറത്തു നിൽക്കുന്ന ആയങ്കിയുടെ ഫോട്ടോ എടുത്ത് ‘ടുഡേ’ ഗ്രൂപ്പിലിട്ട് സ്വർണക്കടത്തുകാർ നിരീക്ഷിച്ചുകൊണ്ടുനിന്നു. ദുബായ് വിമാനം നിലം തൊട്ടു. പുറത്ത്, ആകാംക്ഷയോടെ സൂഫിയാൻ, ആയങ്കി, യൂസഫ്, പിന്നെ ഗുണ്ടകളും വാഹനങ്ങളും. വില്ലന്മാരും സീനും തയാർ. എവിടെ ഹീറോ?
മാരക ട്വിസ്റ്റ്
ഇതിനിടെ, സ്വർണക്കടത്തിനെപ്പറ്റി വിവരം ലഭിച്ച കസ്റ്റംസ് വിഭാഗം ഷഫീഖിനെ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അപ്പോൾത്തന്നെ ആയങ്കി അറിഞ്ഞു. മാത്രമല്ല, തന്നെ സ്വർണക്കടത്തു സംഘങ്ങൾ നിരീക്ഷിക്കുന്നതായും മനസ്സിലാക്കിയ ആയങ്കി അതിവേഗം കണ്ണൂരിലേക്കു മടങ്ങി. ആയങ്കിയും സംഘവും പാഞ്ഞുപോകുന്നതു കണ്ട സ്വർണക്കടത്തു സംഘാംഗങ്ങൾ, ഷഫീഖാണു കാറിൽ കയറിയതെന്നു തെറ്റിദ്ധരിച്ച് വാഹനങ്ങളിൽ അതിവേഗം പിന്തുടർന്നു. വഴിയിൽ വച്ച്, വെടിവയ്പുണ്ടായതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കോഴിക്കോട്ടു വച്ചാണ്, ആയങ്കിക്കൊപ്പം ഷഫീഖില്ലെന്നു സ്വർണക്കടത്തു സംഘം തിരിച്ചറിഞ്ഞത്. ഇതോടെ, ഷഫീഖിനെ കണ്ടെത്താൻ അതിവേഗം കരിപ്പൂരിൽ തിരിച്ചെത്താനായി ശ്രമം. ഇതിനിടയിലാണ്, സംഘത്തിന്റെ വാഹനം രാമനാട്ടുകരയിൽ അപകടത്തിൽപെടുന്നതും 5 പേർ കൊല്ലപ്പെടുന്നതും. ഷഫീഖ് പിടിയിലായ കാര്യം ആയങ്കിയെ അറിയിച്ചത്, കള്ളക്കടത്തു സംഘത്തിന്റെ വാട്സാപ് ഗ്രൂപ്പിലെ അംഗം തന്നെയാണെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സ്വർണക്കടത്തു പൊട്ടിക്കൽ സംഘങ്ങൾക്കു വിവരം ചോർത്തുന്നത് മറ്റു സ്വർണക്കടത്തുകാർ തന്നെയാണെന്നും ഒരേ കാരിയർ തന്നെ ഒന്നിലേറെ പൊട്ടിക്കൽ സംഘങ്ങളുമായി ധാരണയിലെത്തുന്നുവെന്നും കരിപ്പൂർ കേസ് വ്യക്തമാക്കുന്നു. പൊട്ടിക്കൽ സംഘങ്ങൾ ഇപ്പോൾ കാരിയർമാരെ തട്ടിക്കൊണ്ടു പോകാറില്ല. പകരം, കാരിയർമാരുമായി ധാരണയിലെത്തി അവരുമായി മുങ്ങുകയാണ്. പലപ്പോഴും സ്വർണക്കടത്തുകാർക്കു വേണ്ട കാരിയർമാരെ നൽകുന്നതുപോലും പൊട്ടിക്കൽ സംഘങ്ങളാണ്. യുഎഇയിലും സൗദിയിലും ഇവർക്ക് ഒത്താശ ചെയ്യുന്നവരിൽ സ്വർണക്കടത്തു സംഘാംഗങ്ങളുമുണ്ട്. ആകെ കുഴഞ്ഞുമറിഞ്ഞ രീതിയിലാണു സ്വർണക്കടത്തു സംഘങ്ങളും കാരിയർമാരും പൊട്ടിക്കൽ സംഘങ്ങളും തമ്മിലുള്ള ബന്ധം.
കേരളത്തിലെങ്ങും പൊട്ടിക്കും
കേരളത്തിലെങ്ങും സ്വർണക്കടത്തു പൊട്ടിക്കൽ (തട്ടിക്കൊണ്ടുപോകൽ) സംഘങ്ങളുണ്ടെന്നു പൊലീസ് പറയുന്നു. കണ്ണൂരിലും കോഴിക്കോട്ടുമുള്ള മൂന്നു വീതം സംഘങ്ങളാണ് പ്രധാനപ്പെട്ടവ. പാലക്കാട്ടും തൃശൂരിലും പെരുമ്പാവൂരിലും പ്രബല സംഘങ്ങളുണ്ട്. തെക്കോട്ട് നെയ്യാറ്റിൻകര വരെ സംഘങ്ങളുണ്ടെങ്കിലും മിക്കതും സജീവമായിരിക്കുന്നതു മലബാർ മേഖലയിലാണ്. സ്വർണം മാത്രമല്ല, ഹവാല പണവും ഇവർ തട്ടിയെടുക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നു. കാരിയർക്കു ജീവഹാനിയുണ്ടാകുമ്പോഴോ ഗുരുതര പരുക്കേൽക്കുമ്പോഴോ മാത്രമാണു പരാതിയും കേസുമൊക്കെയാകുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം ഇത്തരം പിടിച്ചുപറി, കൊള്ളയടി കേസുകളിൽ 50% വർധനയുണ്ടായി. ഇതോടെയാണ്, ഇക്കൊല്ലം ജനുവരി മുതൽ മലപ്പുറം പൊലീസ് സ്വർണക്കടത്തിനു പിറകെ കൂടിയത്. ഇതോടെ ഹവാല, സ്വർണക്കടത്ത് പൊട്ടിക്കൽ കേസുകൾ കുത്തനെ കുറഞ്ഞതായി മലപ്പുറം എസ്പി എസ്.സുജിത് ദാസ് പറഞ്ഞു.
English Summary: Special story on Gold smuggling