ADVERTISEMENT

കൊച്ചി ∙ ഉപതിരഞ്ഞെടുപ്പു പ്രചാരണകാലത്തുണ്ടായ 2 അപ്രതീക്ഷിത ‘ട്വിസ്റ്റ്’ ആയിരുന്നു കെ.വി.തോമസും പി.സി.ജോർജും. എംഎൽഎ, എംപി, കേന്ദ്ര – സംസ്ഥാന മന്ത്രി എന്നീ നിലകളിൽ മുൻപ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മുഖമായിരുന്ന കെ.വി.തോമസ് പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായത്. എൽഡിഎഫ് വേദിയിൽ എത്തിയ തോമസിന് ഇടതു ക്യാംപിൽ കിട്ടിയ സ്വീകരണത്തിന്റെ അതേരീതിയിൽ കോൺഗ്രസിൽനിന്നു നിരാസവുമുണ്ടായി.

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റമ്പിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ രോഷം മുഴുവൻ തോമസിനെതിരെയായി. അദ്ദേഹത്തിന്റെ വീടിനു മുന്നിൽവരെ പ്രകടനം അരങ്ങേറി. തിരുത മീനുമായി പ്രകടനം നടത്തിയും തോമസിന്റെ ചിത്രങ്ങൾ കത്തിച്ചും പ്രവർത്തകർ കലിപ്പടക്കി. ഡിസിസി ഓഫിസിൽ കെ.വി.തോമസിന്റെ പേരെഴുതിയ ശിലാഫലകത്തിനു നേരെയും പ്രവർത്തകരുടെ പ്രതിഷേധം നീണ്ടു.

വിദ്വേഷപ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ പി.സി.ജോർജ് ഒരു ദിവസത്തെ ജയിൽവാസത്തിനു ശേഷം തൃക്കാക്കരയിൽ വന്നിറങ്ങിയത് പിണറായിയോടു കണക്കു ചോദിക്കാനാണ്. തിരഞ്ഞെടുപ്പു സമാപനദിവസം എത്തിയ ജോർജിനെ ബിജെപി പ്രവർത്തകർ സ്വീകരിച്ചാനയിച്ചു കൊണ്ടു നടന്നെങ്കിലും ഉള്ള വോട്ട് ഇല്ലാതാക്കാനാണോ അത് ഉപകരിച്ചതെന്നു സംശയം. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൽഡിഎഫിൽ എത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം.ബി.മുരളീധരന്റെ ചാട്ടം പിഴച്ചെങ്കിലും അദ്ദേഹം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നു.

English Summary: Thrikkakara bypoll; Protest against KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com