ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിൽ യുഡിഎഫും കോൺഗ്രസും വിജയഭേരി മുഴക്കുമ്പോൾ സ്ഥാനാർഥി ഉമ തോമസിന്റെ മുഖം കഴിഞ്ഞാൽ തെളിയുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുഖമാകും. അത്രയേറെ ഈ തിരഞ്ഞെടുപ്പു സതീശന്റേതായിരുന്നു. ഹൈബി ഈഡൻ എംപി സമൂഹമാധ്യമക്കുറിപ്പിൽ സൂചിപ്പിച്ചതു പോലെ, സതീശനായിരുന്നു ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ക്യാപ്റ്റൻ. തന്ത്രങ്ങളൊരുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല അദ്ദേഹം. പൊതു പരിപാടികളെക്കാൾ ഭവന സന്ദർശനങ്ങൾക്കും കുടുംബ യോഗങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകിയത്. ചുരുങ്ങിയത് അയ്യായിരം വീടുകളിലെങ്കിലും അദ്ദേഹം നേരിട്ടെത്തി വോട്ടു ചോദിച്ചു കാണും

പറവൂർ എന്ന പ്രായോഗിക പാഠം

യുഡിഎഫിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും വിജയം ഉറപ്പിച്ചതിൽ സതീശന്റെ മികവു വേറിട്ടു നിന്നു. പറവൂരിൽ അദ്ദേഹം മത്സരിക്കുമ്പോൾ നടത്തുന്നതിനു തുല്യമായ ആസൂത്രണം. സ്വന്തം സ്ഥാനാർഥിയുടെ മികവു തിരിച്ചറിഞ്ഞ് ഒരുക്കിയ പ്രചാരണ തന്ത്രങ്ങൾക്കു പിന്നിൽ സതീശനായിരുന്നു. പിണറായി വിജയനെപ്പോലെ  കരുത്തനായ ഇടതു നേതാവിന്റെ നേതൃത്വത്തിൽ മന്ത്രിമാർ ഒന്നടങ്കം തൃക്കാക്കരയിൽ കേന്ദ്രീകരിച്ചപ്പോഴും പതറാതെ അവരെ വാക്കുകൾ കൊണ്ടു വേട്ടയാടിയതും സതീശൻ തന്നെ.

എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടപ്പോഴും സതീശൻ കരുത്തോടെ ചെറുത്തു നിന്നു. ആദ്യം പിടിയിലായ പ്രതി പാലക്കാട് സ്വദേശി ശിവദാസൻ കോൺഗ്രസുകാരനാണെന്ന പ്രചാരണം പൊളിച്ച അദ്ദേഹം ഒടുവിൽ എൽഡിഎഫിന്റെ മർമത്തു തന്നെ ഒരടി അടിച്ചു: ‘‘സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് അടിയിൽ രഹസ്യ ക്യാമറ വച്ച ചരിത്രമുള്ളവരാണ് എറണാകുളത്തെ സിപിഎം നേതാക്കൾ. അവർ തിരഞ്ഞെടുപ്പു ജയിക്കാൻ എന്തു വൃത്തികേടും ചെയ്യും.’’ – മുന വച്ച ആ ഓർമപ്പെടുത്തൽ സിപിഎം അണികൾക്കും അസുഖകരമായിരുന്നു.

സ്ഥാനം അരക്കിട്ടുറപ്പിച്ച്

കോൺഗ്രസിനുള്ളിലെ ഭിന്നതകളെ മറികടക്കാനും തൃക്കാക്കരയിൽ വൻഭൂരിപക്ഷത്തോടെ ജയിക്കേണ്ടതു സതീശന് അത്യാവശ്യമായിരുന്നു. വമ്പൻ ജയത്തോടെ യുഡിഎഫിലും കോൺഗ്രസിലും അദ്ദേഹം സ്വന്തം പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുകയാണ്. അതിന്റെ പ്രതിഫലനം കോൺഗ്രസ് രാഷ്ട്രീയത്തിലും പ്രകടമാകും. 

എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം താൻ ഏൽക്കുമെന്നു മുൻകൂട്ടി പ്രഖ്യാപിക്കാൻ തയാറായ സതീശനു നേട്ടത്തിന്റെ ക്രെഡിറ്റും കൊടുത്തേ തീരൂവെന്നു നേതാക്കൾ സമ്മതിക്കുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ ഒറ്റക്കെട്ടായി നയിക്കേണ്ട ഉത്തരവാദിത്തമാണു പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും ഇനി.

English Summary: Full A plus for V.D. Satheesan election engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com