ADVERTISEMENT

ഫ്രാൻസിൽ അപ്പം ചോദിച്ചു തെരുവിൽ അലറിക്കരഞ്ഞ സ്ത്രീകളോടു കേക്ക് തിന്നാൻ പറഞ്ഞ രാജ്ഞിയുടെ മനസ്സ് ഭരണാധികാരിക്കുണ്ടായാൽ ജനം പ്‌രാകി കുത്തും. അതാണു തൃക്കാക്കരയിലെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം. രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിന്റെ ഫുൾ എ പ്ലസ് പ്രോഗ്രസ് റിപ്പോർട്ടിനു ജനം നൽകിയ മധുരച്ചൂരൽ പ്രയോഗമാണിത്.

ഇടതുപക്ഷത്തിന്റെ ലേബലിൽ ഇടതുപക്ഷ വിരുദ്ധത വിളമ്പുന്നതു ചാരായക്കുപ്പിക്കു ‘ഗംഗാജലം’ എന്ന ലേബൽ ഒട്ടിക്കുന്നതു പോലെ കുറ്റകരമാണ്. അതു ജനം തിരിച്ചറിഞ്ഞു. സ്ഥാനാർഥിനിർണയം മുതൽ അതു പ്രകടമായി. കോൺഗ്രസ് ചെയ്യുന്ന പണി സിപിഎം ചെയ്തു തുടങ്ങി. ക്രൈസ്തവ സ്ഥാപനത്തിൽ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി സ്ഥാനാർഥിയുടെ ആദ്യ രംഗപ്രവേശം. അതിനു കാവൽ നിന്നതു രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്നു. കെ.വി.തോമസിനെ ചുവപ്പ് പുതപ്പിച്ചു തിരഞ്ഞെടുപ്പു കൺവൻഷനിൽ പങ്കെടുപ്പിച്ചു. കാലുമാറിയ എൻ.കെ.പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ച മുഖ്യമന്ത്രി കാലുമാറിയ തോമസിനെ തോളിലേറ്റി. പിണറായിയുടെ സ്മേരത്തിൽ ബക്കറ്റ് വെള്ളം പോലും തിരയാവുമെന്ന അദ്ഭുതം കണ്ട് വിശദീകരണ വിശാരദന്മാർ കൈകൂപ്പി നിന്നു.

മുൻപൊരു തിരഞ്ഞെടുപ്പു വേദിയിലേക്കു മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ കയറിച്ചെന്നപ്പോൾ കസേരയിൽ അമർന്നിരുന്ന പാർട്ടി സെക്രട്ടറി പിണറായി വിജയൻ, അബ്ദുൽ നാസർ മഅദനിയെ സ്റ്റേജിൽ എഴുന്നേറ്റുനിന്നു സ്വീകരിച്ചതിൽ കേരളത്തിന്റെ ഇടതുപക്ഷ ഹൃദയം വിങ്ങിയിരുന്നു. എല്ലാ വിങ്ങലുകളിലും ഓരോ ഗദ്ഗദ സന്ദേശമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ധാർമികത ചോർന്നുപോകുമ്പോൾ ‘ അതുക്കും മേലെ’ ഉയർന്ന വിജയങ്ങൾ പരിഹാസരാജാവാക്കുകയാണോ? 

(ഇടതു രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ)

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com