‘ഭാര്യ എന്നതിലുപരി ഞാൻ പി.ടിയുടെ ആരാധിക; ലാളിത്യത്തോടെ പിന്തുടരും’
Mail This Article
ചെറുതോണി ∙ തൃക്കാക്കരയിലെ മിന്നും വിജയത്തിനു പിന്നാലെ ഉപ്പുതോട്ടിലെത്തിയ ഉമ തോമസ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ പി.ടി.യുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി ഒപ്പീസിൽ പങ്കെടുത്തു. ഒരുമാസം മുൻപ് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷം ഉപ്പുതോട്ടിൽ നിന്നായിരുന്നു ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.
വിജയം പി.ടി.ക്കു സമർപ്പിക്കാനാണു ശാരീരികാസ്വാസ്ഥ്യം വകവയ്ക്കാതെ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഓടിയെത്തിയതെന്ന് ഉമ പറഞ്ഞു. പി.ടി. തോമസിന്റെ ആദർശങ്ങളുമായി മുന്നോട്ടു പോകും. രാഷ്ട്രീയത്തിൽ പി.ടി വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നെങ്കിൽ താൻ ലാളിത്യത്തോടെ ആ പാത പിന്തുടരുമെന്നും ഉമ പറഞ്ഞു.
ഭാര്യ എന്നതിലുപരി പി.ടി.യുടെ ആരാധികയാണു താനെന്നും ഉമ പറഞ്ഞു. ഉപ്പുതോട് ഇടവക വികാരി ഫാ.ഫിലിപ്പ് പെരുനാട്ടിന്റെ കാർമികത്വത്തിലാണ് കല്ലറയിൽ ഒപ്പീസ് നടന്നത്. ഇടുക്കി രൂപതയിൽ എത്തിയ ഉമ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിച്ചു. പടക്കം പൊട്ടിച്ചും പുഷ്പഹാരം അണിയിച്ചും നാട്ടുകാർ പി.ടിയെ എന്ന പോലെ ഉമയെയും സ്വീകരിച്ചു. തുടർന്നു പി.ടി.യുടെ കുടുംബവീട്ടിൽ എത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം ഉച്ചയോടെയാണു നിയുക്ത എംഎൽഎ കൊച്ചിയിലേക്ക് തിരിച്ചത്.
മക്കളായ വിവേകും വിഷ്ണുവും ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് നേതാക്കളായ എ.പി.ഉസ്മാൻ, കെ.ബി.സെൽവം, ജെയ്സൺ കെ.ആന്റണി, ബിജോ മാണി, സണ്ണി പുൽക്കുന്നേൽ തുടങ്ങിയവരും പി.ടി.യുടെ അടുത്ത ബന്ധുക്കളും ഉമ തോമസിനൊപ്പം ഉണ്ടായിരുന്നു.
English Summary: Uma Thomas about P.T. Thomas